ത്യാഗസ്മരണകൾ ഉണർത്തി സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ദൃഢമായ വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കിയാണ് വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
രാവിലെ തന്നെ വിശ്വാസികൾ പുതുവസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിനായി എത്തിച്ചേർന്നു. തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന നമസ്‌കാരങ്ങൾക്ക് ശേഷം ഖത്തീബുമാർ പെരുന്നാൾ സന്ദേശങ്ങൾ നൽകി. തുടർന്ന് പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കുവെച്ചും വിശ്വാസികൾ ഈദ് ആശംസകൾ കൈമാറി.
ഒരുമയുടെയും സാഹോദര്യത്തിന്റെയും ഉദാരതയുടെയും സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഈദ് സന്ദേശത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെ സഹായിക്കാനും അവരെ കൈപിടിച്ചുയർത്താനും കരുണയുള്ളവർ മുന്നോട്ടുവരണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.
പെരുന്നാൾ നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ വീടുകളിൽ മൃഗബലി കർമ്മം നിർവഹിച്ചു. ബലി നൽകുന്ന മൃഗത്തിന്റെ മാംസം പാവപ്പെട്ടവർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിതരണം ചെയ്തു. കുടുംബവീടുകളും സുഹൃത്തുക്കളുടെ ഭവനങ്ങളും സന്ദർശിച്ചും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയൊരുക്കിയും സൗഹൃദങ്ങൾ പുതുക്കുന്ന തിരക്കിലാണ് വിശ്വാസികൾ.