Share this Article
News Malayalam 24x7
നിങ്ങൾക്ക് അറിയാമോ? കേന്ദ്ര സർക്കാരിന് 1 രൂപ എങ്ങനെ കിട്ടുന്നു? എങ്ങനെ ചെലവഴിക്കുന്നു?
വെബ് ടീം
posted on 02-02-2025
1 min read
one rupee coin

ഓരോ സാമ്പത്തിക വർഷം തുടങ്ങുമ്പോളും നമ്മൾ കേൾക്കുന്ന ഒരു വാക്കാണ് "ബജറ്റ്". എന്താണ് ഈ ബജറ്റ്? ഇത് സർക്കാരിന്റെ വരവ് ചെലവ് കണക്കുകളാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖ. നമ്മൾ സാധാരണക്കാർ അടയ്ക്കുന്ന നികുതിപ്പണം എങ്ങനെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്, ഏതൊക്കെ മേഖലകളിലാണ് ഈ പണം എത്തുന്നത് എന്നതിനെക്കുറിച്ച് അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടാകും. ഇന്ത്യൻ ബജറ്റിന്റെ ഈ സാമ്പത്തിക ചിത്രം അത്ര ലളിതമൊന്നുമല്ല. കോടിക്കണക്കിന് രൂപയുടെ വിനിമയം നടക്കുന്ന ഒരു വലിയ സാമ്പത്തിക പ്രക്രിയയാണിത്.

ഈ സങ്കീർണ്ണമായ ബജറ്റ് സംവിധാനത്തെ ലളിതമായി മനസ്സിലാക്കാൻ ഒരു രൂപയുടെ ഉദാഹരണം സഹായിക്കും. നമ്മൾ നികുതിയായി അടയ്ക്കുന്ന ഓരോ രൂപയും സർക്കാരിന്റെ കയ്യിൽ കിട്ടിയാൽ, അത് എങ്ങനെയാണ് വിഭജിക്കപ്പെടുന്നത്, ഏതൊക്കെ കാര്യങ്ങൾക്കാണ് ഈ പണം ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഇത്  കേവലം ഒരു രൂപയുടെ കണക്ക് മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും വികസന ലക്ഷ്യങ്ങളും എങ്ങനെയാണ് രൂപപ്പെടുന്നത് എന്നതിൻ്റെ സൂചന കൂടിയാണ്.

സർക്കാരിന് 1 രൂപ എങ്ങനെ കിട്ടുന്നു?

ഒരു വീട്ടിലേക്ക് പല വഴികളിലൂടെ വരുമാനം വരുന്നതുപോലെ, സർക്കാരിനും പ്രധാനമായി പല മാർഗ്ഗങ്ങളിലൂടെയും പണം ലഭിക്കുന്നു. ഒരു രൂപയുടെ വരുമാനം പരിശോധിച്ചാൽ ഏതൊക്കെ പ്രധാന വഴികളാണെന്ന് മനസ്സിലാക്കാം:

കടമെടുത്തതും മറ്റു ബാധ്യതകളും (34 പൈസ): ഒരു രൂപയിൽ ഏറ്റവും വലിയ പങ്ക്, 34 പൈസയും വരുന്നത് സർക്കാർ എടുക്കുന്ന കടത്തിലൂടെയും മറ്റു സാമ്പത്തിക ബാധ്യതകളിലൂടെയുമാണ്. ഇന്ത്യ ഒരു വികസ്വര രാജ്യമെന്ന നിലയിൽ പലപ്പോഴും വലിയ വികസന പദ്ധതികൾക്കായി വായ്പകളെ ആശ്രയിക്കേണ്ടി വരുന്നു. ആഭ്യന്തര വായ്പകളും അന്താരാഷ്ട്ര വായ്പകളും ഇതിൽ ഉൾപ്പെടുന്നു.

നികുതിയേതര വരുമാനം (9 പൈസ): നികുതി ഒഴികെയുള്ള മറ്റു വരുമാന മാർഗ്ഗങ്ങളിലൂടെ 9 പൈസ ലഭിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം, സർക്കാർ നൽകുന്ന സേവനങ്ങളിൽ നിന്നുള്ള വരുമാനം (ഫീസ്, ചാർജുകൾ), പിഴപ്പണം, സ്പെക്ട്രം ലേലം പോലുള്ളവ ഇതിൽ ഉൾപ്പെടുന്നു.

കോർപ്പറേറ്റ് നികുതി (15 പൈസ): രാജ്യത്തെ കമ്പനികൾ സർക്കാരിന് അടയ്ക്കുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി. സാമ്പത്തിക വർഷത്തിൽ കമ്പനികൾ നേടുന്ന ലാഭത്തിന്റെ ഒരു വിഹിതം നികുതിയായി നൽകണം. ഇതിൽ നിന്നും 15 പൈസ ലഭിക്കുന്നു.

ആദായ നികുതി (15 പൈസ): വ്യക്തികളുടെ വരുമാനത്തിന്മേൽ ചുമത്തുന്ന നികുതിയാണ് ആദായ നികുതി. ഓരോ വ്യക്തിയുടെയും വരുമാന പരിധി അനുസരിച്ച് നികുതി നിരക്കുകളിൽ മാറ്റം വരും. ഇതിൽ നിന്നും 15 പൈസ സർക്കാരിന് ലഭിക്കുന്നു.

GST & മറ്റു നികുതികൾ (17 പൈസ): Goods and Services Tax (GST) ഇന്ത്യയിലെ ഏറ്റവും വലിയ പരോക്ഷ നികുതി സമ്പ്രദായമാണ്. സാധനങ്ങൾക്കും സേവനങ്ങൾക്കും ഒരേ നികുതി എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. GST കൂടാതെ മറ്റു പരോക്ഷ നികുതികളും ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ നിന്നും 17 പൈസ ലഭിക്കുന്നു.

യൂണിയൻ എക്സൈസ് ഡ്യൂട്ടി (4 പൈസ): രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുന്ന ചില ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയാണ് എക്സൈസ് ഡ്യൂട്ടി. പുകയില, പെട്രോളിയം ഉൽപ്പന്നങ്ങൾ, മദ്യം എന്നിവക്ക് എക്സൈസ് ഡ്യൂട്ടി ഉണ്ട്. ഇതിൽ നിന്നും 4 പൈസ ലഭിക്കുന്നു.

കസ്റ്റംസ് നികുതി (6 പൈസ): വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ചുമത്തുന്ന നികുതിയാണ് കസ്റ്റംസ് ഡ്യൂട്ടി. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ അളവിനും മൂല്യത്തിനും അനുസരിച്ച് കസ്റ്റംസ് നികുതി ഈടാക്കുന്നു. ഇതിൽ നിന്നും 6 പൈസ ലഭിക്കുന്നു.

സർക്കാർ 1 രൂപ എങ്ങനെ ചെലവാക്കുന്നു?

ഇനി ഈ ഒരു രൂപ എങ്ങനെയാണ് സർക്കാർ ചെലവഴിക്കുന്നത് എന്ന് നോക്കാം. ഓരോ പൈസയും എങ്ങനെ വിഭജിക്കപ്പെടുന്നു എന്ന് നോക്കുമ്പോൾ സർക്കാരിന്റെ മുൻഗണനകളും നയങ്ങളും വ്യക്തമാകും:

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം (20 പൈസ): നികുതി വരുമാനത്തിന്റെ ഒരു പ്രധാന പങ്ക് സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നു. ഇത് ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. സംസ്ഥാനങ്ങൾക്ക് അവരുടെ വികസന പദ്ധതികൾക്കും സാമൂഹിക സേവനങ്ങൾക്കുമായി ഈ പണം ഉപയോഗിക്കാം. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കുന്നു.

പലിശ പേയ്മെന്റുകൾ (20 പൈസ): ബജറ്റിലെ ഏറ്റവും വലിയ ചെലവ് ഇനങ്ങളിൽ ഒന്നാണ് പലിശ പേയ്മെന്റുകൾ. മുൻ വർഷങ്ങളിൽ എടുത്ത കടങ്ങളുടെ പലിശ തിരിച്ചടയ്ക്കാൻ ഈ തുക ഉപയോഗിക്കുന്നു. ഇന്ത്യയുടെ പൊതു കടം ഒരു വലിയ പ്രശ്നമായി തുടരുന്നതിന്റെ സൂചനയാണിത്. കൂടുതൽ പണം പലിശയിലേക്ക് പോകുമ്പോൾ വികസന പ്രവർത്തനങ്ങൾക്ക് നീക്കിവെക്കാൻ കുറഞ്ഞ തുകയെ ഉണ്ടാകൂ.

കേന്ദ്ര സ്കീമുകൾ (17 പൈസ): കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി 17 പൈസ നീക്കിവെക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

ധനകാര്യ കമ്മീഷൻ (8 പൈസ): ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകുന്നതിന് 8 പൈസ ഉപയോഗിക്കുന്നു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിൽ ധനകാര്യ കമ്മീഷൻ വലിയ പങ്ക് വഹിക്കുന്നു.

കേന്ദ്രം സ്പോൺസർ ചെയ്യുന്ന സ്കീമുകൾ (9 പൈസ): കേന്ദ്രവും സംസ്ഥാന സർക്കാരുകളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളാണ് ഇവ. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA), ദേശീയ ആരോഗ്യ മിഷൻ (NHM) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം പദ്ധതികൾക്ക് 9 പൈസ നീക്കിവെക്കുന്നു.

പ്രതിരോധം (8 പൈസ): രാജ്യ സുരക്ഷയും സൈനിക ആവശ്യങ്ങൾക്കുമായി 8 പൈസ ചെലവഴിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ലോകത്തിലെ തന്നെ വലിയ പ്രതിരോധ ബഡ്ജറ്റുകളിൽ ഒന്നാണ്. സൈനികരുടെ ശമ്പളം, ആയുധങ്ങൾ, പ്രതിരോധ സാമഗ്രികൾ എന്നിവ വാങ്ങുന്നതിനും സൈനിക ഓപ്പറേഷനുകൾക്കുമാണ് ഈ പണം ഉപയോഗിക്കുന്നത്.

സബ്സിഡികൾ (7 പൈസ): സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ സബ്സിഡികൾ നൽകുന്നു. ഭക്ഷ്യ സബ്സിഡി, വളം സബ്സിഡി, പെട്രോളിയം സബ്സിഡി തുടങ്ങിയവ പ്രധാനമാണ്. ഇതിനായി 7 പൈസ നീക്കിവെക്കുന്നു.

പെൻഷൻ (4 പൈസ): സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് 4 പൈസ ഉപയോഗിക്കുന്നു. പെൻഷൻ എന്നത് ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ്.

മറ്റു ചെലവുകൾ (8 പൈസ): മേൽപറഞ്ഞവയിൽ ഉൾപ്പെടാത്ത മറ്റു ഭരണപരമായ ചെലവുകൾ, ദുരന്ത നിവാരണം, വിദേശകാര്യ സഹായം തുടങ്ങിയവയ്ക്കായി 8 പൈസ മാറ്റിവെക്കുന്നു.

സാമ്പത്തിക വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും

ഇന്ത്യൻ ബജറ്റിന്റെ ഈ ഒരു രൂപയുടെ കണക്ക് പരിശോധിക്കുമ്പോൾ, ചില പ്രധാന കാര്യങ്ങൾ ശ്രദ്ധയിൽ വരുന്നു. ഒന്നാമതായി, കടം ഒരു വലിയ ഭാരമായി തുടരുന്നു. വരുമാനത്തിന്റെ നല്ലൊരു ശതമാനം പലിശ അടയ്ക്കാൻ വേണ്ടി മാത്രം ഉപയോഗിക്കേണ്ടിവരുന്നത് ആശങ്കാജനകമാണ്. രണ്ടാമതായി, വികസന പദ്ധതികൾക്കും സാമൂഹിക സേവനങ്ങൾക്കും ഗണ്യമായ തുക നീക്കിവെക്കുന്നു എന്നത് നല്ല കാര്യമാണ്. എന്നാൽ ഈ വിഹിതം ഓരോ മേഖലയിലും ആവശ്യത്തിന് എത്തുന്നുണ്ടോ എന്നത് വിലയിരുത്തേണ്ടിയിരിക്കുന്നു.

പൊതുജനങ്ങളായ നമ്മൾ ഓരോരുത്തരും ബജറ്റിനെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നികുതിപ്പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന് അറിയുന്നത് ജനാധിപത്യപരമായ അവകാശമാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories