കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ട് തവണ വർദ്ധനവ്. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായി. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്.ഇന്ന് രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. 11,295 രൂപയായിരുന്നു ഗ്രാം വില. 90,360 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 9295 രൂപയായി.വെള്ളിയാഴ്ച സ്വർണവിലയിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 17ന് 97,360 രൂപയെന്ന റെക്കോഡ് നിരക്കിലേക്ക് എത്തിയ ശേഷം വിലകുറഞ്ഞെങ്കിലും 90,000 രൂപയെ ചുറ്റിപ്പറ്റി ഏറിയും കുറഞ്ഞും തുടരുകയിരുന്നു. വെള്ളിയാഴ്ചക്ക് ശേഷം രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ആഗോളവിപണിയിലും സ്വർണവില വർധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് സ്വർണവില 4050 ഡോളറായിരുന്നു രാവിലെ. ഇത് ഉച്ചയോടെ 4,077.65 ഡോളറായി ഉയർന്നു. ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഇതിനൊപ്പം യു.എസ് ഷട്ട്ഡൗണും സ്വർണവിലയെ സ്വാധീനിക്കും.