മുംബൈ: അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). അദാനി ഗ്രൂപ്പിനെതിരെ ഒരുതരത്തിലുള്ള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നുമാണ് സെബി വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ട് ആണ് തള്ളിയിരിക്കുന്നത്.ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അദാനി ഗ്രൂപ്പും ആവർത്തിച്ച് നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയിൽ അവരുടെ ഓഹരികളുടെ കൂപ്പുകുത്തലിന് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.