ടെക് ലോകത്ത് നിന്ന് ഒരു പ്രധാന വാർത്ത. സ്ട്രീമിംഗ് ഭീമനായ യൂട്യൂബിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഇനി പുതിയ നേതൃത്വം. ഗുഞ്ചൻ സോണിയെ യൂട്യൂബ് ഇന്ത്യ ഓപ്പറേഷൻസ് മേധാവിയായി നിയമിച്ചു. സലോറ ഗ്രൂപ്പിന്റെ സിഇഒ ആയിരുന്ന ഗുഞ്ചൻ സോണിയെ ഗൂഗിളാണ് യൂട്യൂബിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം ഇഷാൻ ചാറ്റർജി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ഈ നിയമനം.
ഇന്ത്യ യൂട്യൂബിന്റെ ഏറ്റവും വലിയ വിപണിയാണ്. ഏകദേശം 50 കോടി ഉപയോക്താക്കളാണ് ഇവിടെയുള്ളത്. ഗുഞ്ചൻ സോണിയുടെ നിയമനം ഈ സാഹചര്യത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.ബിസിനസ്, ടെക്നോളജി, മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ് എന്നീ മേഖലകളിൽ 20 വർഷത്തെ അനുഭവപരിചയമുണ്ട് ഗുഞ്ചൻ സോണിക്ക്. സലോറയുടെ സിഇഒ ആകുന്നതിന് മുൻപ് മിന്ത്ര, സ്റ്റാർ ഇന്ത്യ എന്നിവിടങ്ങളിൽ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. 2015-ൽ ഹോട്ട്സ്റ്റാർ ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും അവരാണ്.
ഇന്ത്യയിലെ ക്രിയേറ്റർ എക്കോണമി, വീഡിയോ കൊമേഴ്‌സ് എന്നിവയെക്കുറിച്ച് ഗുഞ്ചൻ സോണിക്ക് ആഴത്തിലുള്ള ധാരണയുണ്ടെന്നും അവരുടെ നേതൃത്വം ക്രിയേറ്റർമാരുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നും യൂട്യൂബ് ഏഷ്യാ പസഫിക് വൈസ് പ്രസിഡന്റ് ഗൗതം ആനന്ദ് പറഞ്ഞു.
ഗൂഗിൾ ഇന്ത്യയുടെ മേധാവി പ്രീതി ലോബാന, മെറ്റാ ഇന്ത്യ മേധാവി സന്ധ്യ ദേവനാഥൻ എന്നിവർക്കൊപ്പം ടെക് ഭീമന്മാരുടെ തലപ്പത്തെത്തുന്ന വനിതകളുടെ നിരയിലേക്ക് ഗുഞ്ചൻ സോണിയും എത്തുകയാണ്.