Share this Article
Latest Business News in Malayalam
ലോകത്തെ ഞെട്ടിച്ച് ബിൽ ഗേറ്റ്സ്: 99% സമ്പത്തും ദാനം ചെയ്യുന്നു!
Bill Gates

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും ലോകത്തിലെ അതിസമ്പന്നരിൽ ഒരാളുമായ ബിൽ ഗേറ്റ്സ് ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തന്റെ സമ്പത്തിന്റെ ഏതാണ്ട് 99 ശതമാനവും, അതായത് ഏകദേശം 107 ബില്യൺ ഡോളർ  ദാനം ചെയ്യാൻ പോകുന്നു എന്നതാണ് ആ പ്രഖ്യാപനം. ഇന്ത്യൻ രൂപയിൽ നോക്കുകയാണെങ്കിൽ  ഏകദേശം 8 ലക്ഷം കോടി രൂപയിലേറെ വരും ഇത്. 

ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്കാണ് ഇത്രയും പണം ദാനം ചെയ്യുന്നത്. 2000-ത്തിൽ ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും ചേർന്ന് രൂപീകരിച്ച ഈ ഫൗണ്ടേഷൻ വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. തന്റെ സമ്പത്ത് സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കണമെന്നത് ഗേറ്റ്സിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു.

പോളിയോ നിർമ്മാർജ്ജനം, മലേറിയ നിയന്ത്രണം, വാക്സിനേഷൻ തുടങ്ങിയ ആഗോള ആരോഗ്യ പദ്ധതികൾക്ക് ഊർജ്ജം പകരാൻ ഈ പണം ഉപകരിക്കും അതുപോലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകാനും, വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും ഇത് ഉപയോഗിക്കും.


കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ 2022-ൽ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ നൽകിയിരുന്നു. ഇത് പോലുള്ള അടിയന്തര ഘട്ടങ്ങളിലും ബിൽ ഗേറ്റ്സ് ദാനം നൽകുന്ന പണം  സഹായകമാകും.ചെറുകിട കർഷകരെ സഹായിക്കാനും ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായുള്ള പദ്ധതികൾക്കും ഈ പണം വിനിയോഗിക്കും.അതുപോലെ തന്നെ  കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾക്കും ഗേറ്റ്സ് ഫൗണ്ടേഷൻ പിന്തുണ നൽകും.


ബിൽ ഗേറ്റ്സ് തന്റെ മൂന്ന് മക്കൾക്കായി സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ് നീക്കിവെക്കുന്നത്. ഏകദേശം 1.62 ബില്യൺ ഡോളർ. മക്കൾ സ്വന്തമായി അധ്വാനിച്ച് പേരെടുക്കണമെന്നും, തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.അടുത്ത 20 വർഷത്തിനുള്ളിൽ ഈ തുക മുഴുവനായും ഫൗണ്ടേഷന് കൈമാറാനാണ്  ബിൽ ഗേറ്റ്സിന്റെ പദ്ധതി. 2045 ഓടെ ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സൂചനകളുണ്ട്.


അതായത്, അടുത്ത 20 വർഷത്തേക്ക് വലിയൊരു തുക ഫൗണ്ടേഷന് അധികമായി ചെലവഴിക്കാൻ ലഭിക്കും. കഴിഞ്ഞ 25 വർഷത്തിനിടെ ഫൗണ്ടേഷൻ 100 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്, ഇതിൽ 41% നിക്ഷേപകനായ വാറൻ ബഫെറ്റിൻ്റെ സംഭാവനയായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ബിൽ ഗേറ്റ്സിന്റെ ഈ മഹാദാനം ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories