എടിഎമ്മിൽ നിന്ന് പൈസ എടുക്കുമ്പോൾ എപ്പോഴും 500 രൂപ നോട്ട് ആണോ കിട്ടുന്നത്? 100 രൂപയോ 200 രൂപയോ കിട്ടാൻ ബുദ്ധിമുട്ടാറുണ്ടോ? എങ്കിൽ നിങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരു പുതിയ തീരുമാനം എടുത്തിരിക്കുന്നു.
പലപ്പോഴും എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ മാത്രം ലഭിക്കുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ, എടിഎമ്മുകളിൽ 100 രൂപയുടെയും 200 രൂപയുടെയും നോട്ടുകൾ കൂടുതൽ ലഭ്യമാക്കാൻ ആർബിഐ ബാങ്കുകൾക്കും എടിഎം ഓപ്പറേറ്റർമാർക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്.
എങ്ങനെയാണ് ഇത് നടപ്പാക്കുന്നത്?
ആർബിഐയുടെ നിർദ്ദേശം അനുസരിച്ച്:
2025 സെപ്റ്റംബർ 30-നകം രാജ്യത്തെ 75% എടിഎമ്മുകളിലും 100, 200 രൂപ നോട്ടുകൾ അടങ്ങിയ ഒരു കാസറ്റ് , എങ്കിലും ഉറപ്പാക്കണം. നോട്ടുകൾ വെക്കുന്ന അറയാണ് കാസറ്റ്
2026 മാർച്ച് 31-നകം 90% എടിഎമ്മുകളിലും ഈ സൗകര്യം ലഭ്യമാക്കണം.
ഇതിലൂടെ, ചെറിയ തുകകൾ പിൻവലിക്കേണ്ടവർക്കും ചില്ലറ ആവശ്യമുള്ളവർക്കും വലിയ ആശ്വാസമാകും. എളുപ്പത്തിൽ 100, 200 രൂപ നോട്ടുകൾ എടിഎമ്മിൽ നിന്ന് ലഭിച്ചുതുടങ്ങും.
ഇതോടൊപ്പം എടിഎം ഉപയോഗവുമായി ബന്ധപ്പെട്ട മറ്റൊരു മാറ്റവും വരുന്നുണ്ട്. 2025 മെയ് 1 മുതൽ, എടിഎമ്മിലെ സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, ഓരോ ഇടപാടിനും ഈടാക്കുന്ന ചാർജ് വർദ്ധിപ്പിക്കാൻ ആർബിഐ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ഇത് 21 രൂപയാണ്. 2025 മെയ് 1 മുതൽ ഇത് 23 രൂപയായി ഉയരും. അതിനാൽ, സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഉപയോഗം അൽപ്പം ചെലവേറിയതാകും.
അപ്പോൾ, എടിഎമ്മുകളിൽ നിന്ന് ഇനി 100, 200 രൂപ നോട്ടുകൾ എളുപ്പത്തിൽ ലഭിക്കും എന്നത് നല്ല വാർത്തയാണെങ്കിലും, സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്ക് ചാർജ് കൂടും എന്ന കാര്യവും ഓർമ്മയിൽ വെക്കുക.