ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ ഭാര്യയും, അറിയപ്പെടുന്ന ഇൻ്റീരിയർ ഡിസൈനറും, നിർമ്മാതാവുമായ ഗൗരി ഖാൻ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഒരു പുതിയ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതാണ് വിഷയം. എന്താണ് ഒരു പുതിയ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താൽ ഇത്രയും വിഷയം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് എന്നാൽ അതിന് ഒരു കാരണം ഉണ്ട് ഇത് ഗൗരി ഖാനോ ഷാരൂഖ് ഖാനോ താമസിക്കാനല്ല എന്നതാണ് ശ്രദ്ധേയം. തൻ്റെ ജീവനക്കാർക്ക് താമസിക്കാൻ വേണ്ടിയാണ് ഗൗരി ഖാൻ മുംബൈയിൽ ലക്ഷങ്ങൾ വാടക നൽകി ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.
മുംബൈയിലെ ഏറ്റവും പോഷ് ഏരിയകളിലൊന്നായ പാലി ഹില്ലിലെ പങ്കജ് പ്രിമൈസസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ വാടക കരാറിൻ്റെ രേഖകൾ Zapkey എന്ന വെബ്സൈറ്റാണ് പുറത്തുവിട്ടത്. രേഖകൾ അനുസരിച്ച്, 725 ചതുരശ്രയടിയുള്ള ഒരു 2BHK അപ്പാർട്ട്മെൻ്റാണിത്.
ഒരു ഹാൾ, കിച്ചൻ, രണ്ട് ബെഡ്‌റൂമുകൾ എന്നിവ കൂടാതെ രണ്ട് വാഷ്റൂമുകളും ഈ ഫ്ലാറ്റിലുണ്ട്. സഞ്ജയ് കിഷോർ രമണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ പ്രോപ്പർട്ടി, ഗൗരി ഖാൻ്റെ സ്വന്തം ആഡംബര വസതിയായ മന്നത്തിൽ നിന്ന് ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.
ഈ ഫ്ലാറ്റിന് ഗൗരി ഖാൻ നൽകുന്ന പ്രതിമാസ വാടക 1 ലക്ഷത്തി 35,000 രൂപയാണ്! 4 ലക്ഷത്തി 5,000 രൂപയാണ് ഡെപ്പോസിറ്റായി നൽകിയിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് വാടക കരാർ ഒപ്പിട്ടിരിക്കുന്നത്. 2025 ഏപ്രിൽ 10 മുതൽ 2028 ഏപ്രിൽ 9 വരെയാണ് കരാറിൻ്റെ കാലാവധി. കരാർ പ്രകാരം, എല്ലാ വർഷവും ഏപ്രിൽ 10ന് വാടകയിൽ 5 ശതമാനം വർദ്ധനവുണ്ടാകും. അതായത്, 2026 ഏപ്രിൽ 10 മുതൽ വാടക 1 ലക്ഷത്തി 41,000 രൂപയായും, 2027 ഏപ്രിൽ 10 മുതൽ 1 ലക്ഷത്തി 48,000 രൂപയായും വർദ്ധിക്കും. ഈ പ്രോപ്പർട്ടി ഗൗരി ഖാൻ്റെ സ്റ്റാഫിൻ്റെ താമസ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്.
ഈ വാടക കരാർ പുറത്തുവന്നതിലെ ഒരു പ്രധാന പശ്ചാത്തലം മന്നത്ത് ബംഗ്ലാവുമായി ബന്ധപ്പെട്ടതാണ്. ഷാരൂഖ് ഖാൻ്റെ ഐക്കോണിക് വസതിയായ മന്നത്ത് നിലവിൽ വലിയ രീതിയിലുള്ള പുനരുദ്ധാരണ ജോലികൾക്കായി അടച്ചിട്ടിരിക്കുകയാണ്. ഏകദേശം മൂന്ന് വർഷത്തോളം ഈ ജോലികൾ നീണ്ടുനിൽക്കുമെന്നാണ് HT റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മന്നത്തിൻ്റെ പണി നടക്കുന്നതിനാൽ, ഷാരൂഖ് ഖാനും ഗൗരി ഖാനും മക്കളായ സുഹാന, ആര്യൻ, അബ്രാം എന്നിവരുമടങ്ങുന്ന കുടുംബം താൽക്കാലികമായി മുംബൈയിലെ പൂജ കാസ ബിൽഡിംഗിലുള്ള രണ്ട് ലക്ഷ്വറി ഡ്യൂപ്ലക്സുകളിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തോളം ഇവർ ഇവിടെയായിരിക്കും താമസിക്കുക. ഈ സാഹചര്യത്തിലാണ് സ്റ്റാഫിൻ്റെ താമസ സൗകര്യത്തിനായി ഗൗരി ലക്ഷങ്ങൾ മുടക്കി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്.
ഇതിനിടെ ഗൗരി ഖാനുമായി ബന്ധപ്പെട്ട് മറ്റൊരു സാമ്പത്തിക വാർത്തയും പുറത്തുവന്നിരുന്നു. ഏകദേശം മൂന്ന് മാസം മുൻപ്, 2025 മാർച്ചിൽ, ഗൗരി ഖാൻ മുംബൈയിലെ ദാദർ വെസ്റ്റിലുള്ള തൻ്റെ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി 11.61 കോടി രൂപയ്ക്ക് വിറ്റതായും Square Yards പോലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 184.42 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയും രണ്ട് കാർ പാർക്കിംഗ് സ്ഥലങ്ങളും ഈ പ്രോപ്പർട്ടിക്കുണ്ടായിരുന്നു. തൻ്റെ ജീവനക്കാർക്ക് വേണ്ടി ഉയർന്ന വാടക നൽകി ഫ്ലാറ്റ് എടുക്കാനുള്ള ഗൗരി ഖാൻ്റെ തീരുമാനം ഇപ്പോൾ ബിസിനസ്, സിനിമാ ലോകങ്ങളിൽ ഒരുപോലെ ചർച്ചയായിരിക്കുകയാണ്.