മുംബൈ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വൻ മുന്നേറ്റം നടത്തിയതോടെ ഓഹരി വിപണിക്ക് കുതിപ്പ്. സുപ്രധാന ഓഹരി സൂചികയായ സെൻസെക്സ് 84.11 പോയന്റ് ഉയർന്ന് 84,562.78 ലും നിഫ്റ്റി 30 .90 പോയന്റ് വർധിച്ച് 25,910.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത നഷ്ടത്തിൽനിന്നാണ് വിപണി ഉച്ചക്ക് ശേഷം നേട്ടത്തിലേക്ക് തിരിച്ചുവന്നത്.
സെൻസെക്സ് ഏറ്റവും താഴ്ന്ന നിലയിൽനിന്ന് 500 പോയന്റിലേറെയാണ് ഉയർന്നത്. അവസാന കണക്കുകൾ പ്രകാരം എൻ.ഡി.എക്ക് 207 സീറ്റുകളും മഹാഗഡ്ബന്ധന് 31 സീറ്റുകളുമാണ് ലഭിച്ചത്.ടാറ്റ മോട്ടോഴ്‌സ് സി.വി (3.20 ശതമാനം), എറ്റേണൽ (2.15 ശതമാനം), ബി.ഇ.എൽ (1.60 ശതമാനം) തുടങ്ങിയ ഓഹരികളാണ് ഏറ്റവും കൂടുതൽ കുതിച്ചുയർന്നത്. അതേസമയം, ഇൻഫോസിസും ഈശർ മോട്ടോർസും ടാറ്റ സ്റ്റീലും ശക്തമായ വിൽപന സമ്മർദം നേരിട്ടു. മൂന്ന് ശതമാനം വരെ ഈ ഓഹരികളുടെ വില ഇടിഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് വിപണിയിൽ എൻവിഡിയ അടക്കമുള്ള എ.ഐ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാത്രമല്ല, മൂന്ന് സുപ്രധാന ഓഹരി സൂചികകളും ഒരു മാസത്തിനിടെ ആദ്യമായി ഏറ്റവും ശക്തമായ വിൽപന സമ്മർദം നേരിട്ടു. ഡോജോൺസ് 1.65 ശതമാനവും എസ്&പി 500 1.66 ശതമാനവും നസ്ദാഖ് 2.29 ശതമാനവും ഇടിഞ്ഞു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാൻ സാധ്യതയില്ലെന്ന സൂചനയും പണപ്പെരുപ്പം രൂക്ഷമായി തുടരുന്നതുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയത്. അതിനിടെ, ആഭ്യന്തര വിപണിയിൽ വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന തുടരുകയാണ്. കഴിഞ്ഞ ദിവസം 383.68 രൂപയുടെ ഓഹരികളാണ് വിദേശികൾ വിറ്റത്.