കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ തിരുവോണം ബമ്പര്‍ (BR-93) ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേരെയും തിരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അർഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. ഇതിനുപുറമെ, 5000 രൂപ മുതല്‍ 500 രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളും നിരവധി പേർക്ക് ലഭിച്ചു.
കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യർത്ഥനയും പരിഗണിച്ച്, കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചിരുന്നു.
ഈ വർഷം തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ആകെ വിറ്റഴിച്ചത്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചതിൽ പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തിയത്. പാലക്കാട് മാത്രം 14,07,100 ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ, തൃശൂരിൽ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. ഇത് റെക്കോർഡ് വിൽപ്പനയാണ് സൂചിപ്പിക്കുന്നത്.