കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വർണവില വെള്ളിയാഴ്ച ഉച്ചക്ക് വീണ്ടും കുറഞ്ഞു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11400 രൂപയും പവന് 91200 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 80 രൂപ കുറഞ്ഞ് 9329 രൂപയിലെത്തി.
രണ്ടുദിവസമായി കുത്തനെ ഇടിഞ്ഞ സ്വർണവില വെള്ളിയാഴ്ച രാവിലെ കൂടിയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 11,500 രൂപയും പവന് 92000 രൂപയുമായി. റഷ്യൻ കമ്പനികൾക്കുമേൽ യു.എസ് ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെ ആഗോള വിപണിയിൽ ഇന്നലെ സ്വർണവില വർധിച്ചിരുന്നു. സ്പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് 4,122.8 ഡോളറായി. കഴിഞ്ഞ ദിവസം രണ്ടാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വർണം വീണിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 1.7 ശതമാനം വർധനയുണ്ടായി.