സ്വന്തമായി ഒരു സംരംഭം... അത് നമ്മുടെ കേരളത്തിൽ തന്നെ തുടങ്ങണം. ഒരുപാട് പേരുടെ വലിയൊരു സ്വപ്നമാണിത്. പക്ഷേ, ലൈസൻസിനും മറ്റ് അനുമതികൾക്കുമായി പല ഓഫീസുകൾ കയറിയിറങ്ങുന്നതോർക്കുമ്പോൾ ആ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുണ്ട്. നടപടിക്രമങ്ങളിലെ കാലതാമസം പലപ്പോഴും നമ്മുടെ ആവേശത്തെ തളർത്തിക്കളയും.
ഇനി ആ ആശങ്കകൾ വേണ്ട. നിങ്ങളുടെ ആശയങ്ങൾക്ക് ചിറകുനൽകാനും സംരംഭക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും സർക്കാർ നിങ്ങൾക്കൊരു ഡിജിറ്റൽ കൈത്താങ്ങ് ഒരുക്കിയിരിക്കുന്നു. അതാണ് കെ-സ്വിഫ്റ്റ് (K-SWIFT).
പേരുപോലെത്തന്നെ, വളരെ വേഗത്തിൽ, സുതാര്യമായി ഒരു ബിസിനസ്സ് തുടങ്ങാനാവശ്യമായ എല്ലാ ക്ലിയറൻസുകളും ഒരൊറ്റ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സംവിധാനമാണിത്. തൊഴിൽ വകുപ്പ് മുതൽ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്ഥാപനങ്ങളും വരെയുള്ള ഇരുപത്തിരണ്ടോളം സർക്കാർ വകുപ്പുകളിൽ നിന്നുള്ള നൂറ്റിയിരുപതിലധികം സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിലെത്തും.
ഒന്ന് ചിന്തിച്ചുനോക്കൂ... പലതരം അപേക്ഷകളുമായി പല ഓഫീസുകളിലേക്ക് ഓടുന്നതിന് പകരം, വീട്ടിലിരുന്ന് ഒരൊറ്റ അപേക്ഷ പൂരിപ്പിച്ച് നൽകിയാൽ മതി. നിങ്ങളുടെ അപേക്ഷ എവിടെയെത്തിയെന്നും എപ്പോൾ അനുമതി ലഭിക്കുമെന്നും തത്സമയം അറിയാനും സാധിക്കും. ഇത് നിങ്ങളുടെ വിലയേറിയ സമയവും അധ്വാനവും എത്രത്തോളം ലാഭിക്കുമെന്ന് ഓർത്തുനോക്കൂ!
കെ-സ്വിഫ്റ്റിന്റെ ഏറ്റവും വിപ്ലവകരമായ ഒരു സൗകര്യമാണ് താൽക്കാലിക കെട്ടിട നമ്പർ. മുൻപ് ഒരു സംരംഭം തുടങ്ങുമ്പോൾ കെട്ടിട നമ്പർ കിട്ടാനായിരുന്നു ഏറ്റവും വലിയ താമസം. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. നിങ്ങൾ കെ-സ്വിഫ്റ്റിൽ അപേക്ഷ സമർപ്പിക്കുന്ന നിമിഷം തന്നെ ഒരു അക്‌നോളജ്‌മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കും. അതിലെ നമ്പർ, നിങ്ങളുടെ താൽക്കാലിക കെട്ടിട നമ്പറാണ്.
ഈയൊരു നമ്പർ മാത്രം മതി, ബാങ്കിൽ നിന്ന് ലോൺ എടുക്കാനും മറ്റ് അവശ്യ സേവനങ്ങൾ നേടാനും. അതായത്, സ്ഥിരം കെട്ടിട നമ്പറിനായി മാസങ്ങളോളം കാത്തിരിക്കേണ്ട. മൂന്നര വർഷം വരെ ഈ താൽക്കാലിക നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് മുന്നോട്ടുപോകാം. ഈ കാലയളവിൽ അനാവശ്യ പരിശോധനകളെയും ഭയക്കേണ്ടതില്ല.
നിങ്ങൾ ഒരു ചെറിയ ചായക്കട തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാകട്ടെ, ഒരു വർക്ക്‌ഷോപ്പ്, ഒരു സ്റ്റാർട്ടപ്പ്, അല്ലെങ്കിൽ ഒരു വലിയ വ്യവസായ ശാല... കെ-സ്വിഫ്റ്റ് എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഈയൊരു ഡിജിറ്റൽ മുന്നേറ്റത്തിന് എത്രത്തോളം സ്വീകാര്യത ലഭിച്ചുവെന്നറിയാമോ? പുതുക്കിയ കെ-സ്വിഫ്റ്റ് പോർട്ടൽ വന്നതിന് ശേഷം എഴുപത്തയ്യായിരത്തിൽ അധികം ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് നമ്മുടെ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്! ഇത് ഈ സംവിധാനത്തിലുള്ള സംരംഭകരുടെ വിശ്വാസമാണ് കാണിക്കുന്നത്.
അതുകൊണ്ട്, നിങ്ങളുടെ മനസ്സിലുള്ള ബിസിനസ്സ് ആശയങ്ങളെ ഇനി മാറ്റിവെക്കേണ്ട. കേരളത്തിൻ്റെ വ്യാവസായിക വളർച്ചയിൽ നിങ്ങൾക്കും പങ്കാളിയാകാം. സംരംഭകത്വത്തിലേക്കുള്ള നിങ്ങളുടെ യാത്ര കെ-സ്വിഫ്റ്റിലൂടെ എളുപ്പത്തിൽ ആരംഭിക്കൂ.