മുംബൈ: ഇന്ത്യൻ റീട്ടെയിൽ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ, പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ കെൽവിനേറ്ററിനെ ഏറ്റെടുത്തു. ഇന്ത്യൻ വീടുകളിൽ ഒരുകാലത്ത് പ്രൗഢിയുടെയും വിശ്വാസ്യതയുടെയും അടയാളമായിരുന്ന കെൽവിനേറ്റർ, ഇനി പൂർണ്ണമായും റിലയൻസിന് സ്വന്തമാകും.
സ്വീഡിഷ് ഗൃഹോപകരണ ഭീമനായ ഇലക്ട്രോലക്സ് ഗ്രൂപ്പിൽ നിന്ന് ഏകദേശം 160 കോടി രൂപയ്ക്കാണ് ഈ നിർണായക ഏറ്റെടുക്കൽ. ഇതുവരെ ലൈസൻസ് അടിസ്ഥാനത്തിൽ കെൽവിനേറ്റർ ഉൽപ്പന്നങ്ങൾ വിറ്റിരുന്ന റിലയൻസ്, ഈ നീക്കത്തോടെ ബ്രാൻഡിന്റെ പൂർണ്ണ ഉടമസ്ഥാവകാശം നേടിയിരിക്കുകയാണ്. ഫ്രിഡ്ജ്, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ തുടങ്ങിയ പ്രീമിയം ഉൽപ്പന്നങ്ങളിലൂടെ വിപണിയിൽ ശക്തമായ സാന്നിധ്യമാകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
ഈ ഏറ്റെടുക്കൽ റിലയൻസിന്റെ വളർച്ചയിലെ ഒരു സുപ്രധാന നിമിഷമാണെന്ന് റിലയൻസ് റീട്ടെയിൽ വെൻചേഴ്‌സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷാ അംബാനി പറഞ്ഞു. "ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ ഓരോ ഉപഭോക്താവിലേക്കും എത്തിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. റിലയൻസിന്റെ വിപുലമായ വിതരണ ശൃംഖലയും മികച്ച ഉപഭോക്തൃ സേവനങ്ങളും കെൽവിനേറ്ററിന്റെ പാരമ്പര്യവുമായി ചേരുമ്പോൾ അത് വിപണിയിൽ പുതിയൊരു അധ്യായം കുറിക്കും," അവർ കൂട്ടിച്ചേർത്തു.
കെൽവിനേറ്ററിന്റെ പതിറ്റാണ്ടുകളുടെ വിശ്വാസ്യതയും റിലയൻസിന്റെ രാജ്യവ്യാപകമായ നെറ്റ്‌വർക്കും ഒന്നിക്കുന്നതോടെ, ഗുണമേന്മയുള്ള ഗൃഹോപകരണങ്ങൾ സാധാരണക്കാർക്കും പ്രാപ്യമായ വിലയിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓരോ ഇന്ത്യൻ ഭവനത്തിലും മികച്ച സാങ്കേതികവിദ്യ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.