കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച ആകെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,800 രൂപയായും 14 കാരറ്റിന്റേത് 61,400 രൂപയായും വർധിച്ചു. 39,600 രൂപയാണ് ഒരു പവൻ 9 കാരറ്റ് സ്വർണത്തിന്റെ വില.
യു.എസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾക്കൊപ്പം, ഫെഡറൽ റിസർവിന്റെ വായ്പാനയം സംബന്ധിച്ച ചില വിവരങ്ങളും പുറത്ത് വരും. ഇത് രണ്ടും സ്വർണവിലയെ സ്വാധീനിക്കും. ഡോളർ ഇൻഡക്സിന്റെ ഉയർച്ചയും താഴ്ചയും മറ്റ് രാജ്യങ്ങളിലെ സ്വർണവിലയെ സ്വാധീനക്കും. ആർ.ബി.ഐ ഇന്ന് പ്രഖ്യാപിച്ച വായ്പനയവും സ്വർണവിലയെ സ്വാധീനിച്ചു. ആർ.ബി.ഐ റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ചതോടെ, വായ്പ പലിശനിരക്കുകൾ കുറയും.