ഇന്ത്യയിലെ കുപ്പിവെള്ള വിപണിയിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ട് റിലയൻസ് ഇൻഡസ്ട്രീസ്. കൺസ്യൂമർ വിഭാഗം അവരുടെ പുതിയ കുപ്പിവെള്ള ബ്രാൻഡായ 'ഷുവർ' (SURE) പുറത്തിറക്കി. നിലവിലുള്ള ബ്രാൻഡുകളേക്കാൾ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ വെള്ളം ലഭ്യമാക്കുന്നതാണ് 'ഷുവർ' എന്ന റിലയൻസ് ഉൽപ്പന്നത്തിന്റെ പ്രധാന പ്രത്യേകത.
വിലനിലവാരം:
250 മില്ലി ലിറ്ററിന് വെറും 5 രൂപ.
ഒരു ലിറ്റർ കുപ്പിക്ക് 15 രൂപ (ബിസ്‌ലരി, കിൻലി തുടങ്ങിയ ബ്രാൻഡുകൾക്ക് ഇത് 20 രൂപയാണ്).
രണ്ട് ലിറ്റർ കുപ്പിക്ക് 25 രൂപ (മറ്റ് ബ്രാൻഡുകൾക്ക് 30-35 രൂപ).
ഏകദേശം 30,000 കോടി രൂപയുടെ ബിസിനസ് നടക്കുന്ന ഇന്ത്യൻ കുപ്പിവെള്ള വിപണിയിലേക്കാണ് റിലയൻസ് ഈ നീക്കത്തിലൂടെ കടന്നുവരുന്നത്. ക്യാമ്പ കോളയിലൂടെ കോള വിപണിയിൽ സാന്നിധ്യമറിയിച്ച റിലയൻസ്, ദൈനംദിന ഉൽപ്പന്നങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ഈ നീക്കം സൂചിപ്പിക്കുന്നു.
പാക്കേജ്ഡ് കുടിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സർക്കാർ കുറച്ചത് റിലയൻസ് ജനങ്ങൾക്ക് നേരിട്ട് പ്രയോജനകരമാക്കുകയാണ്. ഈ ജിഎസ്ടി കുറവിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് റിലയൻസിന്റെ ഈ വില കുറയ്ക്കലിന് പിന്നിലെ പ്രധാന കാരണം.
'ഷുവർ' കൂടാതെ 'ഇൻഡിപെൻഡൻസ്' എന്ന പേരിൽ ഒരു പ്രീമിയം ബ്രാൻഡും റിലയൻസിനുണ്ട്. രാജ്യത്തുടനീളം ഈ കുപ്പിവെള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനായി പ്രാദേശിക നിർമ്മാതാക്കളുമായി സഹകരിക്കാനും റിലയൻസ് പദ്ധതിയിടുന്നുണ്ട്.
ബിസ്‌ലരി, കിൻലി, അക്വാഫിന തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ കുപ്പിവെള്ള വിപണി അടക്കിവാഴുന്ന സാഹചര്യത്തിൽ, റിലയൻസിന്റെ ഈ നീക്കം വലിയൊരു വിലയുദ്ധത്തിന് തുടക്കമിടുമോ എന്ന് ഉറ്റുനോക്കുകയാണ് വിപണി നിരീക്ഷകർ. ഈ പുതിയ നീക്കം ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.