ആഗോള വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുകയാണ്. ശനിയാഴ്ച വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ദീപാവലിയോടെ പവന്റെ വില ഒരു ലക്ഷം രൂപ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. സ്വർണ്ണ വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചരിത്രപരമായ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനങ്ങളും അമേരിക്കയുടെ പൊതു കടം വർദ്ധിക്കുന്നതും കണക്കിലെടുത്ത് വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വർണ്ണത്തിൽ പിടിമുറുക്കിയതാണ് വില വർദ്ധനവിന് പ്രധാന കാരണം. ചൈന-അമേരിക്ക വ്യാപാര യുദ്ധവും ഡോളറിന്റെ മൂല്യത്തിലെ ചാഞ്ചാട്ടവും സ്വർണ്ണത്തോടുള്ള പ്രിയം വർദ്ധിപ്പിച്ചു.
അതേസമയം, ശനിയാഴ്ച സ്വർണ്ണവിലയിൽ കുറവുണ്ടായെങ്കിലും തിങ്കളാഴ്ച വിലവർദ്ധനവിനുള്ള സാധ്യത വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇത് സ്വർണ്ണവിലയെ സ്വാധീനിക്കാനുള്ള സാധ്യതയുമുണ്ട്.