ഉപഭോക്താക്കള്‍ക്ക് ജിഎസ് ടി ഇളവുകള്‍ നല്‍കി മില്‍മ. മിൽമയുടെ പാലുൽപന്നങ്ങൾ ഇന്ന് മുതൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്.
പുതിയ ജിഎസ് ടി ഇളവിന്‍റെ ഗുണം ഇന്ന് മുതൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ് മില്‍മ. നൂറിലധികം മില്‍മ പാലുത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങളിലേക്ക് എത്തും. നെയ്യ്, വെണ്ണ, ഐസ്ക്രീം, പനീര്‍ എന്നിവക്ക് ഉൾപ്പെടെയാണ് വില കുറയുക. പുതുക്കിയ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്ന ഇന്ന് മുതൽ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിൽ ഈ മിൽമ ഉത്പന്നങ്ങൾ ലഭ്യമാകും. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപയാണ് കുറഞ്ഞത്, നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയായി. നെയ്യുടെ ജിഎസ് ടി 12 ശതമാനം ആയിരുന്നിടത്ത് നിന്ന് 5 ശതമാനമായാണ് കുറഞ്ഞത്.
കൂടാതെ 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണക്ക് 15 രൂപ കുറഞ്ഞതോടെ ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്‍റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. പനീറിന്‍റെ ജിഎസ് ടി അഞ്ച് ശതമാനം ആയിരുന്നത് പൂര്‍ണ്ണമായും ഒഴുവാക്കി. മില്‍മയുടെ ഐസ് ക്രീമുകളുടെ ജിഎസ് ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതോടെ അവക്ക് 24 രൂപയുടെ കിഴിവാണ് ലഭിക്കുക. മില്‍മയുടെ പായസം മിക്സിന്റെയും ജിഎസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു, പായ്ക്ക് ചെയ്ത ജ്യൂസുള്‍ക്ക് ഉൾപ്പെടെ ഈ ഇളവ് ലഭിക്കും. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ ജിഎസ് ടി ഇളവുകളുടെ മുഴുവന്‍ നേട്ടങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെണ്ടെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ആശ്വാസം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.