കോഹിനൂർ! ലോകത്തിലെ ഏറ്റവും പ്രശസ്തമായ രത്നങ്ങളിലൊന്ന്. ഭാരതത്തിന്റെ അഭിമാന ചിഹ്നമായിരുന്ന ഈ അമൂല്യരത്നം ഇന്ന്ബ്രിട്ടീഷ് കിരീടത്തിന്റെ ഭാഗമാണ്. കോഹിനൂർ തിരികെ ഇന്ത്യയിലേക്ക് എത്തുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്. യുകെയുടെ സാംസ്കാരിക വകുപ്പ് സെക്രട്ടറി ലിസ നാൻഡി ഈ വിഷയത്തിൽ സൂചനകൾ നൽകിയതോടെയാണ് കോഹിന്നൂർ രത്നം വീണ്ടും വാർത്തയിൽ ഇടം നേടിയത്.
കോഹിനൂർ ഇന്ത്യക്ക് തിരികെ നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സാംസ്കാരിക പൈതൃകങ്ങൾ പങ്കുവെക്കുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. 108 കാരറ്റുള്ള ഈ രത്നം, 1849-ൽ മഹാരാജാ ദുലീപ് സിംഗിൽ നിന്നാണ് വിക്ടോറിയ രാജ്ഞിക്ക് ലഭിക്കുന്നത്. പിന്നീട്, 1937-ൽ ക്വീൻ മദറിന്റെ കിരീടത്തിലും ഇത് സ്ഥാനം പിടിച്ചു.
ഇന്ത്യക്കാർക്ക് ഇത് വെറുമൊരു രത്നമല്ല, നഷ്ടപ്പെട്ടുപോയ പൈതൃകത്തിന്റെ പ്രതീകമാണ്.
"പഴയ കാലത്തെ പല സാംസ്കാരിക വസ്തുക്കളും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കാണാനും പ്രയോജനപ്പെടുത്താനും" വഴിയൊരുക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ എന്നാണ് ലിസ നാൻഡി പറയുന്നത്. ഇത് കോഹിനൂറിന്റെ കാര്യത്തിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന് വ്യക്തമല്ലെങ്കിലും, പ്രതീക്ഷകൾക്ക് ഇടം നൽകുന്നു.
കോഹിനൂർ കൂടാതെ, മറ്റ് സാംസ്കാരിക കൈമാറ്റങ്ങളും ഈ ചർച്ചകളുടെ ഭാഗമാണ്. പൈതൃക സംരക്ഷണം, മ്യൂസിയം നടത്തിപ്പ്, കലാസൃഷ്ടികളുടെ ഡിജിറ്റൽ രൂപങ്ങൾ പങ്കുവെക്കൽ എന്നിവയും ലക്ഷ്യമിടുന്നു. ബ്രിട്ടീഷ് കൗൺസിലും ഇന്ത്യൻ സാംസ്കാരിക മന്ത്രാലയവും ഇതിന് നേതൃത്വം നൽകും.
അപ്പോൾ, കോഹിനൂർ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമോ? കാലം തന്നെ അതിന് ഉത്തരം നൽകും. പക്ഷെ, സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കാനും പങ്കുവെക്കാനുമുള്ള ഈ പുതിയ ശ്രമങ്ങൾ തീർച്ചയായും നല്ല തുടക്കമാണ്. കാത്തിരിക്കാം, നമ്മുടെ കോഹിനൂർ തിരികെ വരുന്ന ആ നല്ല വാർത്തയ്ക്കായി