Share this Article
KERALAVISION TELEVISION AWARDS 2025
ബജറ്റ് പ്രഖ്യാപനം: ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചടി: മൂലധന നേട്ട നികുതി കൂട്ടി
വെബ് ടീം
posted on 23-07-2024
1 min read
stock-investors-face-setback-capital-gains-tax-increased

ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിൽ ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചടി.  ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി ഉയര്‍ത്തി. ഹ്രസ്വകാല മൂലധന നേട്ടനികുതിയാകട്ടെ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമാക്കുകയും ചെയ്തു. വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലായി.

ദീര്‍ഘകാല ഓഹരി നിക്ഷേപകര്‍ക്ക് നേരിയ ആശ്വാസം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം കൈവശം വെച്ചാണ് വില്‍ക്കുന്നതെങ്കില്‍ ഓരോ വര്‍ഷവും 1.25 ലക്ഷത്തിന് മുകളിലുള്ള ലാഭത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയാകും. നിലവില്‍ ഒരു ലക്ഷം രൂപവരെയുള്ള ലാഭത്തെയായിരുന്നു നികുതി ബാധ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നത്.

ലിസ്റ്റ് ചെയ്യാത്ത ബോണ്ടുകള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവക്ക് വിലക്കയറ്റത്തിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല. ഓരോരുത്തരുടെയും മൊത്തം വരുമാനത്തോടൊപ്പം ചേര്‍ക്കുമ്പോള്‍ ബാധകമായ സ്ലാബിന് അനുസരിച്ച് നികുതി നല്‍കേണ്ടിവരും.

ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡെറിവേറ്റീവ് ഇടപാടുകളുടെ സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സിലും നികുതി വര്‍ധിപ്പിച്ചു. ഓപ്ഷന്‍ വില്പനക്കുള്ള എസ്ടിടി ഓപ്ഷന്‍ പ്രീമിയത്തിന്റെ 0.0625 ശതമാനത്തില്‍നിന്ന് 0.1 ശതമാനമായും ഫ്യൂച്ചറുകള്‍ വില്‍ക്കുമ്പോള്‍ ബാധകമായ നികുതി 0.0125 ശതമാനത്തില്‍നിന്ന് 0.02 ശതമാനവുമായാണ് കൂട്ടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories