കൊച്ചി: സൈക്കിൾ പോവുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി അപകടത്തിൽപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് സംശയിച്ചത് പോലെ വിദ്യാർഥിനിയെ കാറിടിച്ചതല്ലെന്നും റോഡിൽ നിർത്തിയിട്ട മറ്റൊരു കാറിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടിയതാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡ്രൈവറെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. സുഭാഷ് നഗർ സ്വദേശി രാജിയാണ് അറസ്റ്റിലായത്. കാറും കസ്റ്റഡിയിലെടുത്തു.
ജനുവരി 15 വ്യാഴാഴ്ച വൈകീട്ട് ദേശാഭിമാനി റോഡിൽവെച്ചാണ് ഭവൻസ് വിദ്യാമന്ദിറിലെ പ്ലസ് വൺ വിദ്യാർഥിനിയായ എളമക്കര സ്വദേശിനി ദീക്ഷിത(16) അപകടത്തിൽപ്പെട്ടത്. ഗുരുതരപരിക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ തുടരുകയാണ്.സ്‌കൂൾവിട്ട് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന ദീക്ഷിതയെ കാറിടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യം പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് കരുതിയിരുന്നത്. വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീഴുമ്പോൾ ഈ സമയം കറുത്തനിറത്തിലുള്ള കാർ കടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. അതിനാൽതന്നെ വിദ്യാർഥിനിയെ ഇടിച്ചുവീഴ്ത്തി കാർ നിർത്താതെപോയെന്നാണ് പോലീസ് കരുതിയത്.
തുടർന്ന് ഈ കാറുടമയെ പോലീസ് കണ്ടെത്തി.എന്നാൽ, തന്റെ കാർ വിദ്യാർഥിനിയെ ഇടിച്ചിട്ടില്ലെന്നായിരുന്നു കാറുടമയുടെ മൊഴി. പോലീസ് നടത്തിയ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്ന് അപകടസ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് യഥാർഥസംഭവം വ്യക്തമായത്.