യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഡോളറിനെതിരെ 22 പൈസയുടെ (തുടർന്ന് 28 പൈസ വരെ) മുന്നേറ്റം നടത്തി രൂപ 93.70 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്ക് 93.98 ആയിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ ധനകാര്യ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് (FII) കനത്ത തുക ഒഴുകിയെത്തിയതും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതുമാണ് രൂപയ്ക്ക് വലിയ കരുത്തായത്.കഴിഞ്ഞ ആഴ്ച മാത്രം 4 ബില്യൺ ഡോളറിലധികം തുകയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചത്.
യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ഏഷ്യയിലെ എഐ (AI), ടെക്നോളജി ഓഹരികളിൽ (ദക്ഷിണ കൊറിയ, തായ്‌വാൻ) വൻ തോതിൽ വിൽപന സമ്മർദം ഉണ്ടായപ്പോൾ, വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വഴിമാറുകയായിരുന്നു.ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ആഴ്ച മാത്രം 20 ശതമാനത്തോളം ഇടിവുണ്ടായി. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും രൂപയുടെ മൂല്യം കൂട്ടാൻ സഹായിക്കുകയും ചെയ്തു.