നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകൾ ആരും അറിയുന്നില്ല എന്ന് കരുതിയാൽ തെറ്റി. നിങ്ങൾ ആദായനികുതി റിട്ടേണിൽ (ITR) വെളിപ്പെടുത്തിയില്ലെങ്കിൽ പോലും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഓരോ ചലനവും നിരീക്ഷിക്കുന്നുണ്ട്. സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് (SFT) എന്ന സംവിധാനത്തിലൂടെ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും വലിയ ഇടപാടുകളുടെ വിവരം കൃത്യമായി സർക്കാരിന് നൽകുന്നുണ്ട്.
ആദായനികുതി വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള പ്രധാന ഇടപാടുകൾ താഴെ പറയുന്നവയാണ്:
സേവിങ്സ് അക്കൗണ്ട്: ഒരു സാമ്പത്തിക വർഷം 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി (Cash) നിക്ഷേപിച്ചാൽ അത് റിപ്പോർട്ട് ചെയ്യപ്പെടും.
കറന്റ് അക്കൗണ്ട്: 50 ലക്ഷം രൂപയ്ക്ക് മുകളിൽ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ വിവരം ഐടി വകുപ്പിലെത്തും.
ബാങ്ക് ഡ്രാഫ്റ്റ് (DD): ഡിഡി, പേ ഓർഡർ അല്ലെങ്കിൽ ബാങ്കേഴ്‌സ് ചെക്ക് എടുക്കാൻ 10 ലക്ഷം രൂപയോ അതിലധികമോ പണമായി നൽകിയാൽ ശ്രദ്ധിക്കണം.
പ്രീ-പെയ്ഡ് ഇൻസ്ട്രുമെന്റുകൾ: ആർബിഐയുടെ ഗിഫ്റ്റ് കാർഡുകൾ പോലുള്ളവ വാങ്ങാൻ 10 ലക്ഷം രൂപയിൽ കൂടുതൽ പണം നൽകുന്നതും നിരീക്ഷണത്തിലാണ്.
സ്ഥിര നിക്ഷേപം (FD): പുതുതായി 10 ലക്ഷം രൂപയോ അതിലധികമോ എഫ്ഡി ഇട്ടാൽ ബാങ്ക് ആ വിവരം കൈമാറും (നിലവിലുള്ളവ പുതുക്കുന്നത് ഇതിൽ പെടില്ല).
മ്യൂച്വൽ ഫണ്ട്: മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങാൻ 10 ലക്ഷം രൂപയിൽ കൂടുതൽ ചിലവാക്കിയാലും വിവരം റിപ്പോർട്ട് ചെയ്യപ്പെടും.
ഓഹരികൾ: ഓഹരികൾ, ബോണ്ടുകൾ, ഡിബഞ്ചറുകൾ എന്നിവ വാങ്ങാൻ 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവാക്കുന്നത് നിരീക്ഷണത്തിലാണ്.
ഓഹരി ബൈബാക്ക്: കമ്പനികൾ ഓഹരികൾ തിരികെ വാങ്ങുമ്പോൾ നിങ്ങൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ ലഭിച്ചാൽ നോട്ടീസ് വരാൻ സാധ്യതയുണ്ട്.
ക്രെഡിറ്റ് കാർഡ് ബില്ല് (Cash): ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണമായി ബില്ലടച്ചാൽ ഐടി വകുപ്പ് അറിയും.
ക്രെഡിറ്റ് കാർഡ് ബില്ല് (Online/Cheque): ഒരു വർഷം ആകെ 10 ലക്ഷം രൂപയിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ബില്ല് അടച്ചാൽ അത് റിപ്പോർട്ട് ചെയ്യപ്പെടും.
സാധനങ്ങളും സേവനങ്ങളും: ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ 2 ലക്ഷം രൂപയിൽ കൂടുതൽ പണമായി നൽകിയാൽ അത് പരിശോധിക്കപ്പെടും.
വിദേശ കറൻസി: വിദേശ കറൻസിയോ ഫോറെക്സ് കാർഡോ വിൽക്കുമ്പോൾ 10 ലക്ഷം രൂപയിൽ കൂടുതൽ ലഭിച്ചാൽ വിവരം കൈമാറപ്പെടും.
വിദേശ ചിലവുകൾ: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശത്ത് 10 ലക്ഷം രൂപയിൽ കൂടുതൽ ചിലവാക്കിയാലും ഐടി വകുപ്പിന്റെ കണ്ണ് അവിടെയുണ്ടാകും.
റിയൽ എസ്റ്റേറ്റ്: വസ്തുവോ വീടോ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ അതിന്റെ മൂല്യം 30 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ രജിസ്ട്രാർ ഓഫീസ് വഴി ഐടി വകുപ്പിനെ അറിയിക്കും. 2026 ഏപ്രിൽ മുതൽ ഈ പരിധി 45 ലക്ഷം രൂപയായി ഉയർത്താൻ ആലോചനയുണ്ട്.
മേൽപ്പറഞ്ഞ ഇടപാടുകൾ നടത്തുമ്പോൾ കൃത്യമായ രേഖകൾ കയ്യിൽ കരുതാനും ഐടി റിട്ടേണിൽ ഇവ വ്യക്തമായി കാണിക്കാനും നികുതി ദായകർ ശ്രദ്ധിക്കണം. വ്യക്തമായ വിശദീകരണം നൽകാൻ സാധിച്ചില്ലെങ്കിൽ വലിയ പിഴയോ മറ്റ് നിയമനടപടികളോ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.