പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. ഇതോടെ സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സാധാരണ സർവീസുകൾ റദ്ദാക്കി 'സ്പെഷ്യൽ സർവീസുകൾ' എന്ന പേരിലാണ് കമ്പനികൾ കൊള്ളവില ഈടാക്കുന്നത്.
ഏപ്രിൽ 18-ഓടെ പലരുടെയും വിസ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ഈ നിരക്ക് വർദ്ധന വന്നിരിക്കുന്നത്. ഉംറ വിസയിലുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ഈ തീയതിക്ക് മുൻപ് രാജ്യം വിടേണ്ടതുണ്ട്. എന്നാൽ സാധാരണ ടിക്കറ്റ് നിരക്കിന്റെ പലമടങ്ങ് തുക നൽകേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നില്ല.
എയർ ഇന്ത്യ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ സാധാരണ സർവീസുകൾക്ക് പകരം സ്പെഷ്യൽ സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്. ശരാശരി 3000 മുതൽ 3500 റിയാൽ വരെയാണ് ഒരു ടിക്കറ്റിനായി ഈടാക്കുന്നത്. മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത പല ഫ്ലൈറ്റുകളും അവസാന നിമിഷം റദ്ദാക്കുന്നതായും പരാതിയുണ്ട്.
യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടി സാധാരണ സർവീസുകൾ നിർത്തിവയ്ക്കുമ്പോൾ സ്പെഷ്യൽ സർവീസുകൾ മാത്രം എങ്ങനെ നടത്താൻ കഴിയുന്നു എന്നാണ് പ്രവാസികൾ ചോദിക്കുന്നത്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ന്യായമായ നിരക്കിൽ വിമാന സർവീസുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് പ്രവാസി സംഘടനകളുടെ ആവശ്യം.