പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി വസന്തത്തിലേക്ക് പശ്ചിമഘട്ട മലനിരകൾ വീണ്ടും ചുവടുവെക്കുന്നു. മൂന്നാറിനോട് ചേർന്നുള്ള ചൊക്രമുടി, മീശപ്പുലിമല, ഇഡ്ഡലിമേട്, സെവൻമല, കുണ്ടുമല എന്നീ അഞ്ച് മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞുതുടങ്ങിയത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെ മലനിരകൾ പൂർണ്ണമായും നീലക്കുറിഞ്ഞിയാൽ മൂടുമെങ്കിലും, കുറിഞ്ഞി സീസണിന്റെ പ്രാരംഭ സൂചനകൾ ഇപ്പോൾ തന്നെ പ്രകടമായിട്ടുണ്ട്.
ഇത്തവണത്തെ കുറിഞ്ഞി വസന്തത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ചൊക്രമുടിയാണ്. വർഷങ്ങളായി തുടർന്ന അനധികൃത കയ്യേറ്റങ്ങളിൽ നിന്നും റിസോർട്ട് നിർമ്മാണങ്ങളിൽ നിന്നും സർക്കാർ അടുത്തിടെ തിരിച്ചുപിടിച്ച ഭൂമിയാണ് ചൊക്രമുടിയിലേത്. കയ്യേറ്റങ്ങളിൽ നിന്ന് മോചിതമായ ഈ മലനിരകളിൽ പ്രകൃതി വീണ്ടും സ്വാഭാവികത വീണ്ടെടുക്കുന്നതിന്റെ പ്രതീകമായാണ് ഇവിടുത്തെ കുറിഞ്ഞി വസന്തത്തെ പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നത്. ചൊക്രമുടിക്കു ചുറ്റുമുള്ള മുതുവാൻ ആദിവാസി സമൂഹത്തിനും ഈ പൂക്കാലം തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളുടെയും പ്രകൃതിയുടെ അതിജീവനത്തിന്റെയും അടയാളമാണ്.
കുറിഞ്ഞി വസന്തം കാണാൻ വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുമെന്ന കണക്കുകൂട്ടലിൽ ഇടുക്കി ജില്ലാ ഭരണകൂടം കർശനമായ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
പരിസ്ഥിതി മലിനീകരണം തടയുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ഓൺലൈൻ സ്ലോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തും. കൂടാതെ, മലനിരകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താനും പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ നടപടികൾ കർശനമാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.