30 കോടി രൂപയുടെ ഓണം ബംപർ നേടിയ ഭാഗ്യശാലി രഹസ്യമായി ബാങ്കിലെത്തി ലോട്ടറി വകുപ്പിന് ടിക്കറ്റ് കൈമാറി.കണ്ണൂരിലെ ബാങ്ക് മുഖേനയാണ് ടിക്കറ്റ് വകുപ്പ് ഡയറക്ടറേറ്റിൽ എത്തിയത് ലോട്ടറി ജേതാവ് സ്വമേധയാ പേര് വിവരങ്ങൾ പുറത്തുവിടാത്ത സാഹചര്യത്തിൽ അവ വെളിപ്പെടുത്താൻ വകുപ്പിന് അനുമതിയില്ല. തൽക്കാലം ഇക്കാര്യം രഹസ്യമാക്കി സൂക്ഷിക്കാനാണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ആവശ്യമായ രേഖകൾ ബാങ്ക് വഴി കൃത്യമായി ഹാജരാക്കിയ ശേഷം ജേതാവ് സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഏജൻസി കമ്മീഷൻ, നികുതി, സെസ് എന്നിവ കുറച്ചശേഷം 16.47 കോടി രൂപയാണ് ജേതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചത്. നേരത്തെ 25 കോടി രൂപയായിരുന്ന ഓണം ബംപറിന്റെ ഒന്നാം സമ്മാനത്തുക ഇത്തവണ മുതലാണ് 30 കോടി രൂപയായി ഉയർത്തിയത്.
തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടിഎൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപർ ഒന്നാം സമ്മാനം ലഭിച്ചത്.