എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗങ്ങളുടെ മിനിമം പെൻഷൻ 1,000 രൂപയിൽനിന്ന് ഗണ്യമായി വർധിപ്പിക്കണമെന്ന ദീർഘകാലാവശ്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ഇ.പി.എഫ്.ഒ.യുടെ കേന്ദ്ര ട്രസ്റ്റീ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച സൂചനയുണ്ടായത്. 2014-ലാണ് ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് മിനിമം പെൻഷൻ നടപ്പാക്കുകയും 1,000 രൂപ നിശ്ചയിക്കുകയും ചെയ്തത്. 82 ലക്ഷത്തിലേറെ വരുന്ന ഇ.പി.എഫ്.ഒ പെൻഷൻകാരിൽ ഏതാണ്ട് 37 ലക്ഷവും മിനിമം തുകയാണ് കൈപ്പറ്റുന്നത്. അതിനാൽ മിനിമം പെൻഷൻ 7,500 രൂപയെങ്കിലും ആക്കണമെന്നാണ് ആവശ്യം. എന്നാൽ, 1,000 രൂപ നൽകുന്നതു തന്നെ ബജറ്റ് പിന്തുണയോടെ ആണെന്നാണ് കേന്ദ്രത്തിന്റെ വാദം.