ഇന്ത്യയുടെ അഭിമാനമായ പിഎസ്എൽവി ദൗത്യത്തിന് വിക്ഷേപണത്തിനിടെ വൻ തിരിച്ചടി. ഭൂമി നിരീക്ഷണ ഉപഗ്രഹമായ 'അന്വേഷ' ഉൾപ്പെടെ 16 പേലോഡുകളുമായി കുതിച്ചുയർന്ന പിഎസ്എൽവി സി-62 വിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിന്റെ അവസാനത്തിൽ റോക്കറ്റിന്റെ പ്രവർത്തനത്തിൽ ഉണ്ടായ തകരാറാണ് ദൗത്യം ലക്ഷ്യത്തിലെത്താതെ പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.
വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടം പൂർത്തിയാക്കി നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് റോക്കറ്റിന്റെ പ്രവർത്തനത്തിൽ വ്യതിയാനം കണ്ടുതുടങ്ങിയത്. റോക്കറ്റിന്റെ കറക്കത്തിൽ (roll rate) അസ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കുകയും വിക്ഷേപണ പാതയിൽ നിന്ന് മാറുകയും (deviation) ചെയ്തതായി ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.
ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമായ 'അന്വേഷ'യെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം ഈ പരാജയം വലിയ ആശങ്കയാണ് ഉയർത്തുന്നത്. കഴിഞ്ഞ തവണ നടന്ന പിഎസ്എൽവി സി-61 ദൗത്യവും സമാനമായ രീതിയിൽ മൂന്നാം ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. തുടർച്ചയായി ഒരേ ഘട്ടത്തിൽ തന്നെ പരാജയങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഐഎസ്ആർഒ വിശദമായി പരിശോധിക്കും. പരാജയകാരണങ്ങൾ കണ്ടെത്തി വരും വിക്ഷേപണങ്ങളിൽ ഇത്തരം പിഴവുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു.