നാസയുടെ അഭിമാനകരമായ ചാന്ദ്ര ദൗത്യമായ ആർട്ടിമിസ് 2 ചരിത്രം കുറിച്ചിരിക്കുന്നു. ചന്ദ്രന്റെ മറു വശത്തെത്തിയ ഓറിയോൺ പേടകം ഇപ്പോൾ ചന്ദ്രനെ ചുറ്റിയുള്ള യാത്ര തുടരുകയാണ്. ഇതിനോടൊപ്പം ഭൂമിയിൽ നിന്ന് മനുഷ്യൻ സഞ്ചരിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചെന്ന റെക്കോർഡും ഈ ദൗത്യസംഘം സ്വന്തമാക്കി.
അപ്പോളോ 13 ദൗത്യസംഘം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടിമിസ് 2 ഇപ്പോൾ മറികടന്നിരിക്കുന്നത്. ഏകദേശം 2,52,757 മൈൽ (ഏകദേശം 4 ലക്ഷം കിലോമീറ്റർ) ദൂരമാണ് ഓറിയോൺ പേടകം സഞ്ചരിച്ചത്. 54 വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്റെ ആകർഷണ വലയം കടന്ന് മനുഷ്യൻ ഇത്രയും ദൂരമെത്തുന്നത്.
ചന്ദ്രന്റെ മറു വശത്തുകൂടെ സഞ്ചരിച്ചപ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള പേടകത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഈ ബ്ലാക്ക് ഔട്ട് സമയത്തിന് ശേഷം ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത അപൂർവ്വമായ പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാൻ ദൗത്യസംഘത്തിന് സാധിച്ചു എന്നത് ഈ യാത്രയുടെ മറ്റൊരു പ്രത്യേകതയാണ്.
യാത്രികരായ ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ എന്നിവർ തങ്ങളുടെ വിസ്മയകരമായ അനുഭവങ്ങൾ ഭൂമിയിലേക്ക് പങ്കുവെച്ചു. ഇരുട്ടിന് പിന്നിൽ നിന്ന് ഭൂമി നോക്കുമ്പോൾ കാണുന്ന തിളക്കം വർണ്ണനാതീതമാണെന്ന് വിക്ടർ ഗ്ലോവർ പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പേടകം വിക്ഷേപിച്ചത്. ഭാവിയിൽ ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ യാത്രകൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം മുന്നോട്ട് പോകുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ സാങ്കേതിക പരീക്ഷണങ്ങളും ദൗത്യസംഘം പൂർത്തിയാക്കിയിട്ടുണ്ട്. പത്ത് ദിവസത്തെ യാത്രയ്ക്ക് ശേഷം പേടകം ഭൂമിയിലേക്ക് തിരിച്ചെത്തും.