Share this Article
News Malayalam 24x7
അപ്പോളോ 13 ൻ്റെ റെക്കോര്‍ഡ് മറികടന്നു; ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് തിരിച്ച് വരാൻ ആര്‍ട്ടെമിസ് 2
NASA's Artemis 2

നാസയുടെ ചരിത്ര ദൗത്യമായ ആർട്ടെമിസ് 2 ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചന്ദ്രന്റെ ആകർഷണ വലയത്തിൽ നിന്ന് പേടകം വിജയകരമായി പുറത്തുകടന്നതായി നാസ അറിയിച്ചു. യാത്രയ്ക്കിടെ പകർത്തിയ ചന്ദ്രന്റെ അത്യപൂർവ്വമായ ദൃശ്യങ്ങൾ നാസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

മനുഷ്യർ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൂരപരിധി എന്ന റെക്കോർഡാണ് ആർട്ടെമിസ് 2 ഇത്തവണ മറികടന്നത്. 1970-ൽ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യർ ഇതുവരെ കാണാത്ത ഭാഗങ്ങളുടെയും ഗർത്തങ്ങളുടെയും വ്യക്തമായ ഫ്ലൈ-ബൈ ചിത്രങ്ങൾ പേടകം പകർത്തി. ബഹിരാകാശത്തു നിന്നുള്ള അപൂർവ്വമായ ഒരു സൂര്യഗ്രഹണ ദൃശ്യവും ആർട്ടെമിസ് 2 പകർത്തിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.


ഭൂമിയിലേക്കുള്ള യാത്ര തുടരുന്നതിനിടയിൽ ദൗത്യസംഘം മാധ്യമങ്ങളുമായി സംവദിക്കുമെന്ന് നാസ അറിയിച്ചു. 20 മിനിറ്റ് നീണ്ടുനിൽക്കുന്ന വെർച്വൽ വാർത്താ സമ്മേളനം നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഏപ്രിൽ 10 വെള്ളിയാഴ്ച രാത്രി ഏകദേശം 8:07-ഓടെ പേടകം സാൻ ഡീഗോ തീരത്ത് ഇറങ്ങുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ആർട്ടെമിസ് 2-ന്റെ വിജയകരമായ ഈ യാത്ര.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories