നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:07-ന് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം, 5:37-ന് സാൻഡിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു (സ്പ്ലാഷ് ഡൗൺ).
ഏകദേശം 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുന്നത് എന്നത് ഈ ദൗത്യത്തെ ചരിത്രപരമാക്കുന്നു. യു.എസിൽ നിന്നുള്ള റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡക്കാരനായ ജെറമി ഹാൻസെൻ എന്നിവരാണ് ഈ അഭിമാന ദൗത്യത്തിൽ പങ്കാളികളായത്. പേടകത്തിൽ നിന്ന് പുറത്തെത്തിയ ഉടൻ തന്നെ പ്രാഥമിക വൈദ്യപരിശോധനകൾ പൂർത്തിയാക്കി. നാലുപേരും സുരക്ഷിതരാണെന്നും തൃപ്തികരമായ ആരോഗ്യനിലയിലാണെന്നും നാസ അറിയിച്ചു.
അഞ്ച് സ്പീഡ് ബോട്ടുകളിലായി എത്തിയ നാവികസേന ഉദ്യോഗസ്ഥരാണ് പേടകത്തെ നിരീക്ഷിക്കുന്നതിനും സംഘത്തെ സ്വീകരിക്കുന്നതിനും സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്നത്. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡ് തകർത്തുകൊണ്ട്, ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം (ഏകദേശം 4 ലക്ഷത്തിലധികം കിലോമീറ്റർ) സഞ്ചരിച്ച മനുഷ്യദൗത്യം എന്ന ഖ്യാതിയും ആർട്ടെമിസ് 2 സ്വന്തമാക്കി.
യാത്രയ്ക്കിടെ ചന്ദ്രനിൽ കണ്ടെത്തിയ രണ്ട് ഗർത്തങ്ങൾക്ക് സംഘം പേരിട്ടു. ഇതിൽ ഒന്നിന് പേടകത്തിന്റെ പേരും, മറ്റൊന്നിന് റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യയുടെ പേരുമാണ് നൽകിയിരിക്കുന്നത്. ചൈനയ്ക്കും മുൻപേ മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുക എന്ന അമേരിക്കയുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ഘട്ടമാണ് ഈ ദൗത്യത്തിലൂടെ പൂർത്തിയായത്. വൈകാതെ തന്നെ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തുന്ന ആർട്ടെമിസ് 4 ദൗത്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്.