മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ്-2 ദൗത്യം നാളെ വിക്ഷേപിക്കും. ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3:54-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. 50 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യർ വീണ്ടും യാത്ര തിരിക്കുന്നത്.
നാല് ബഹിരാകാശ യാത്രികരാണ് ആർട്ടെമിസ്-2 ദൗത്യത്തിലുള്ളത്.
റീഡ് വൈസ്മാൻ
വിക്ടർ ഗ്ലോവർ
ക്രിസ്റ്റീന കോച്ച്
ജെറമി ഹാൻസൺ
നാസയുടെ കരുത്തുറ്റ 'സ്പേസ് ലോഞ്ച് സിസ്റ്റം' (SLS) റോക്കറ്റിലാണ് സഞ്ചാരികൾ ഇരിക്കുന്ന 'ഓറിയോൺ' പേടകം വിക്ഷേപിക്കുന്നത്. നേരത്തെ എസ്.എൽ.എസ് റോക്കറ്റിൽ ഇന്ധനച്ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം രണ്ടുതവണ മാറ്റിവച്ചിരുന്നു. തകരാറുകൾ പരിഹരിച്ച ശേഷം മാർച്ച് 20-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡിലേക്ക് റോക്കറ്റ് എത്തിച്ചിരുന്നു.
ആർട്ടെമിസ്-2 ഒരു ചന്ദ്ര പര്യവേക്ഷണ ദൗത്യമാണ്. സഞ്ചാരികൾ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങില്ല, പകരം ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങും. ചന്ദ്രനെ വലംവെച്ച ശേഷം നാല് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കൊടുവിലാണ് പേടകം ഭൂമിയിൽ തിരിച്ചെത്തുക.
ആർട്ടെമിസ്-2 വിജയിച്ചാൽ, 2028-ൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ആർട്ടെമിസ്-4 ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് നാസ പദ്ധതിയിടുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്കും ഈ ദൗത്യം വഴിയൊരുക്കും.