Share this Article
News Malayalam 24x7
കുതിച്ചുയര്‍ന്ന് ആര്‍ട്ടെമിസ് 2 ദൗത്യം; എസ്.എല്‍.എസ് വിക്ഷേപണം വിജയം
NASA's Artemis 2 Mission

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് നാസയുടെ ചന്ദ്രദൗത്യമായ ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചു. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം 54 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് എസ്.എൽ.എസ് (SLS) റോക്കറ്റ് കുതിച്ചുയർന്നത്.

നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘമാണ് 'ഒറിയോൺ' പേടകത്തിൽ യാത്ര ചെയ്യുന്നത്. ഇതിനോടകം പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു കഴിഞ്ഞു. മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവരാണ് ചരിത്രയാത്രയിലെ അംഗങ്ങൾ. ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന കോക്ക്. സംഘത്തിലുള്ള ജെർമി ഹാൻസൻ കാനഡ സ്വദേശിയാണ്.


പത്തു ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല. മറിച്ച് ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് പര്യവേക്ഷണം നടത്തുകയാണ് ലക്ഷ്യം. ആറാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള പോയിന്റിൽ പേടകം എത്തും. അപ്പോളോ ദൗത്യത്തേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കുമെന്ന പ്രത്യേകതയും ആർട്ടെമിസ് 2-നുണ്ട്.


ഭാവിയിൽ ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുന്നതിനുള്ള നാസയുടെ വൻപദ്ധതികളുടെ മുന്നോടിയായാണ് ഈ പരീക്ഷണ യാത്ര. മാനുവൽ പൈലറ്റിംഗ് സംവിധാനം, ലേസർ കമ്മ്യൂണിക്കേഷൻ എന്നിവയുടെ കാര്യക്ഷമതയും സംഘം യാത്രയ്ക്കിടെ പരിശോധിക്കും. പത്താം ദിവസം സഞ്ചാരികൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങും. പര്യവേക്ഷണം വിജയകരമായാൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അടുത്ത ഘട്ടത്തിലേക്ക് നാസ കടക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories