പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷാവിധിയില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നും വാദം കേൾക്കും. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ ടിപി ബിജു, എം വിപിന്‍, വൈശാഖ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മറ്റുള്ള 16 പ്രതികളെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്ത് ആണ് കേസില്‍ വിധി പറഞ്ഞത്.കൊലപാതക കേസില്‍ പത്തുവര്‍ഷത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരുന്നു വിധി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമായിരുന്നില്ലെന്ന് വിലയിരുത്തിയ കോടതി സംശയത്തിന്റെ ആനുകൂല്യത്തിലാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. നടന്നത് ക്രൂരമായ കൊലപാതകമാണെന്നും കുറ്റക്കാരായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ നാളെ കോടതി ശിക്ഷ വിധിക്കും.