Share this Article
News Malayalam 24x7
സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ്സ് തുടങ്ങണോ?| Top 5 Government Business Schemes for Women Malayalam
വെബ് ടീം
2 hours 17 Minutes Ago
3 min read
Top 5 Government Loan Schemes for Women Entrepreneurs

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും മൂലധനമില്ലാത്തതിന്റെ പേരിൽ പിന്നോട്ട് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാർ. അമിതമായ നിബന്ധനകളില്ലാതെ, കുറഞ്ഞ പലിശ നിരക്കിൽ സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാൻ സഹായിക്കുന്ന അഞ്ച് പ്രധാന വായ്പാ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാം.

1. അന്നപൂർണ്ണാ പദ്ധതി (Annapurna Scheme)

കാറ്ററിംഗ് അല്ലെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ പദ്ധതി. പാത്രങ്ങൾ വാങ്ങാനും ഗ്യാസ് കണക്ഷൻ എടുക്കാനും ഫ്രിഡ്ജ്, മിക്സി തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനുമായി 50,000 രൂപ വരെ ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. ഒരു ഗ്യാരന്ററുടെ സഹായത്തോടെ എടുക്കാവുന്ന ഈ വായ്പ 36 മാസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയാകും.

2. സ്ത്രീ ശക്തി പാക്കേജ് (Stree Shakti Package)

ഒരു ബിസിനസ് സ്ഥാപനത്തിൽ 50 ശതമാനത്തിലധികം പങ്കാളിത്തം സ്ത്രീകൾക്ക് ഉണ്ടെങ്കിൽ ഈ ലോണിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാരിന്റെ എന്റർപ്രണർഷിപ്പ് പ്രോഗ്രാമുകളിൽ രജിസ്റ്റർ ചെയ്തവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഇതിലൂടെ ലഭിക്കും. 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് യാതൊരുവിധ ഈടും നൽകേണ്ടതില്ല എന്നതും പലിശ നിരക്കിൽ ഇളവ് ലഭിക്കും എന്നതും ഇതിന്റെ വലിയ പ്രത്യേകതയാണ്.

3. മഹിളാ സമൃദ്ധി യോജന (Mahila Samridhi Yojana)

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കായി ആവിഷ്കരിച്ച മൈക്രോ ഫിനാൻസ് പദ്ധതിയാണിത്. വെറും 4 ശതമാനം പലിശ നിരക്കിൽ 60,000 രൂപ മുതൽ 1.40 ലക്ഷം രൂപ വരെ ലോൺ ലഭിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വലിയ ആശ്വാസമായ ഈ പദ്ധതിയുടെ തിരിച്ചടവ് കാലാവധി മൂന്നര വർഷമാണ്. ഏതൊരു ബാങ്കിനെയും ഇതിനായി സമീപിക്കാവുന്നതാണ്.

4. പ്രധാനമന്ത്രി മുദ്ര ലോൺ (PMMY)

ബ്യൂട്ടി പാർലറുകൾ, തയ്യൽ കടകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുദ്ര ലോൺ പ്രയോജനപ്പെടുത്താം. 50,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് ഇതിന്റെ പരിധി. ഇതിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് യാതൊരുവിധ ഈടും (Collateral) നൽകേണ്ടതില്ല.

5. മഹിളാ ഉദ്യം നിധി (Mahila Udyam Nidhi Scheme)

സിഡ്‌ബിയും (SIDBI) പഞ്ചാബ് നാഷണൽ ബാങ്കും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചെറുകിട ബിസിനസുകൾ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ബ്യൂട്ടി പാർലറുകൾ മുതൽ ഓട്ടോറിക്ഷയോ ബൈക്കോ വാങ്ങാൻ വരെ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. 10 വർഷമാണ് തിരിച്ചടവ് കാലാവധി. ഇതിൽ ആദ്യത്തെ 5 വർഷം വരെ മോറട്ടോറിയം സൗകര്യവും ലഭ്യമാണ്.


ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈ പദ്ധതികൾ വലിയൊരു മുതൽക്കൂട്ടാകും. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള ബാങ്കുകളുമായി ബന്ധപ്പെടുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories