അമ്പൂരിയിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ അമ്മയും അമ്മാവനും ചികിത്സയിൽ. അമ്പൂരി സ്വദേശി തോമസ് എബ്രഹാം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും മകനുമായ ഷാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാനുവിന്റെ വിവാഹ വാർഷികാഘോഷം നടക്കുമ്പോഴാണ് ഇത്തരമൊരു ദാരുണമായ സംഭവം അരങ്ങേറിയത്. ആഘോഷ പരിപാടികൾക്ക് ശേഷം ഷാനുവും ഭാര്യയും തമ്മിൽ ചെറിയൊരു വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച അമ്മയെയും അമ്മാവൻ വർഗീസിനെയും ഷാനു ആക്രമിക്കുകയായിരുന്നു.
തുടർന്ന് അച്ഛൻ തോമസ് എബ്രഹാമിനെ കസേരകൊണ്ട് മർദ്ദിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മാവൻ വർഗീസിന് മർദ്ദനമേറ്റ് പരിക്കേറ്റിട്ടുണ്ട്. ഷാനു മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.