കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള 7 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി കെ.വി സുമേഷിന് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, 9-ാം പ്രതി മനോഹർ, 10-ാം പ്രതി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം.
ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധി പ്രസ്താവിക്കുന്നത്. കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാംജിത്ത് ഉൾപ്പെടെയുള്ള 18 പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാംപ്രതി കെ.വി സുമേഷ് ഉൾപ്പെടെ 13 പേർ കുറ്റക്കാരെന്നും കോടതി വിധിച്ചു.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷുക്കൂറും സംഘവും ആക്രമിക്കപ്പെട്ടതെന്നാണ് കേസ് രേഖകളിലുള്ളത്. സിപിഐഎം പ്രവർത്തകർ പിന്തുടരുന്നതായി ഭയന്ന സംഘം കണ്ണപുരം കീഴറയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ, വീട് വളഞ്ഞെത്തിയ സംഘം ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും ഷുക്കൂറിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം.
തുടർന്ന് ഷുക്കൂറിനെയും കേസിലെ സാക്ഷിയായ സക്കറിയെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ആക്രമണമുണ്ടായെന്നും സക്കറിയ രക്ഷപ്പെട്ടെങ്കിലും ഷുക്കൂർ കുത്തേറ്റു മരിച്ചെന്നുമാണ് കേസ്.