തമിഴ്‌നാട്ടിലെ തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്‌കൂളില്‍ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിക്കുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. അധ്യാപിക പറഞ്ഞതനുസരിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ വിനൈല്‍ ഷീറ്റില്‍ പൊതിഞ്ഞ് കൈകള്‍ കെട്ടിയിട്ടുവെന്നാണ് പരാതി . സംഭവത്തില്‍ സ്‌കൂളിലെ ഒരു അധ്യാപികയ്ക്കും വനിതാ അറ്റന്‍ഡര്‍ക്കും എതിരെ പോലീസ് കേസെടുത്തു. ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കൈകള്‍ കെട്ടിയ നിലയില്‍ കുട്ടി എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്നതും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും വ്യക്തമാണ്. വനിതാ അറ്റന്‍ഡറാണ് കുട്ടിയെ വിനൈല്‍ ഷീറ്റില്‍ പൊതിഞ്ഞ് കെട്ടിയിട്ടതെന്നും, അധ്യാപിക സാക്ഷിയായി നില്‍ക്കുകയായിരുന്നുവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിനൈല്‍ ഷീറ്റില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ കുട്ടി താഴെ വീണാണ് കണ്ണിന് സമീപം പരിക്കേറ്റതെന്നാണ് പോലീസിന്റെ നിഗമനം.