Share this Article
News Malayalam 24x7
ശങ്കരപാണ്ഡ്യമെട്ടില്‍ 36കാരിയുടെ മരണം കൊലപാതകം
36-Year-Old Woman Found Dead in Idukki

ശങ്കരപാണ്ഡ്യമെട്ടിൽ 36-കാരിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജഗൻമോഹനന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജഗൻമോഹനന്റെ സഹോദരിയുടെ ഭർത്താവ് രാമകൃഷ്ണനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ജഗൻമോഹൻ ഇല്ലാത്ത സമയത്താണ് രാമകൃഷ്ണൻ വീട്ടിലെത്തിയത്. അന്ന് ആണി വാങ്ങാനാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും തുടർന്ന് നടന്ന സംഭവങ്ങൾ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.


സംഭവം നടന്ന ദിവസം ജഗൻമോഹൻ പുറത്തുപോയ സമയത്ത് ശാന്തി അദ്ദേഹത്തെ ഫോണിൽ വിളിച്ച് രാമകൃഷ്ണൻ വീട്ടിൽ എത്തിയ കാര്യം അറിയിച്ചിരുന്നു. ജഗൻമോഹൻ തിരിച്ചെത്തിയപ്പോൾ തറയിൽ വീണുകിടക്കുന്ന ശാന്തിയെയാണ് കണ്ടത്. തുടർന്ന് ഇരുവരും ചേർന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.


പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസിന്റെ വിശദമായ അന്വേഷണം ആരംഭിച്ചത്. രാമകൃഷ്ണനെ ചോദ്യം ചെയ്തതിൽ നിന്നും ശാന്തിയുടെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories