സിനിമ ചർച്ചയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി ലഹരി നൽകി നടിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ബോളിവുഡ് സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും നടിയുടെ പരാതിയിൽ പറയുന്നു.
2016 മുതൽ നടിയുമായി പരിചയമുള്ള നൂറാനി, പുതിയ സിനിമയുടെ ചർച്ചകൾക്കായി നടിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലഹരി കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഷക്കീൽ നൂറാനിയെ ബുധനാഴ്ച വരെ കോടതി കസ്റ്റഡിയിൽ വിട്ടു. 'ബഡേ ദിൽവാല', 'ജോരു കാ ഗുലാം' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ് ഷക്കീൽ നൂറാനി. സംഭവത്തിൽ മുംബൈ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.