ദേശീയ തലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ കൂട്ടബലാത്സംഗം. തെക്കൻ ഡൽഹിയിലെ പ്രശസ്തമായ കൽക്കാജി മന്ദിറിന് സമീപമുള്ള പാർക്കിൽ വെച്ച് 17 വയസ്സുകാരിയായ പെൺകുട്ടിയെ മൂന്നംഗ സംഘം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതികളിൽ ഒരാളായ ആസിഫിനെ പൊലീസ് പിടികൂടി. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
കൽക്കാജി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം സമീപത്തെ പാർക്കിൽ ആൺസുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തങ്ങൾ പൊലീസാണെന്ന് ധരിപ്പിച്ച് എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ആൺസുഹൃത്തിനെ പ്രതികൾ ക്രൂരമായി മർദിച്ചവശനാക്കി. തുടർന്നാണ് പെൺകുട്ടിയെ മൂവരും ചേർന്ന് പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയും സുഹൃത്തും പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പാർക്കിന് സമീപത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതിയായ ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഒളിവിലുള്ള ബാക്കി രണ്ടുപേരെ ഉടൻ വലയിലാക്കുമെന്നും പൊലീസ് അറിയിച്ചു.തലസ്ഥാന നഗരിയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.