കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് ആവേശകരമായ വാർത്തയുമായി റെയിൽവേ മന്ത്രാലയം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. ഇതിന് പുറമെ സംസ്ഥാനത്തിന് ഒരു അമൃത് ഭാരത് ട്രെയിൻ നൽകുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണ്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും സർവീസ് നടത്തുക. തിരുവനന്തപുരം - ബംഗളൂരു, തിരുവനന്തപുരം - ചെന്നൈ എന്നീ പ്രധാന റൂട്ടുകളിലാണ് സ്ലീപ്പർ സർവീസുകൾ അനുവദിക്കാൻ സാധ്യതയുള്ളത്. ഈ വർഷം ആകെ 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് റെയിൽവേ പുറത്തിറക്കുന്നത്. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ട്രെയിൻ അനുവദിക്കുന്നതിൽ മുൻഗണനയെങ്കിലും, കേരളത്തിന് രണ്ട് ട്രെയിനുകൾ ലഭിക്കുമെന്നാണ് വിവരം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ 16 കോച്ചുകളിലായി 823 ബർത്തുകൾ ഉണ്ടാകും. ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ രീതിയിലാണ് ഇതിൻ്റെ നിർമ്മാണം.
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിൻ്റെ ഭാഗമായി എറണാകുളത്തുനിന്നും ബീഹാറിലെ ജോഗ്ബനിയിലേക്ക് ഒരു അമൃത് ഭാരത് ട്രെയിൻ സർവീസും റെയിൽവേ പരിഗണിക്കുന്നുണ്ട്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഈ സർവീസ് വലിയ ഗുണകരമാകും.