പ്രമുഖ സോഷ്യൽ മീഡിയ ഭീമന്മാരായ 'മെറ്റ'യിൽ വീണ്ടും വൻതോതിലുള്ള കൂട്ടപിരിച്ചുവിടൽ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലെ പുതിയ നിക്ഷേപങ്ങളുടെയും പുനഃസംഘടനയുടെയും ഭാഗമായി ലോകമെമ്പാടുമുള്ള ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
മെറ്റയുടെ ഏഷ്യൻ ഹബ്ബായ സിംഗപ്പൂരിലാണ് ഈ ഘട്ടത്തിലെ പിരിച്ചുവിടലുകൾക്ക് തുടക്കമായിരിക്കുന്നത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് കമ്പനിയുടെ മുൻഗണനകൾ പൂർണ്ണമായും എഐ സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ വൻ പുനഃസംഘടന നടക്കുന്നത്. കമ്പനിയുടെ എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ടീമുകളിലെ ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക.
പിരിച്ചുവിടൽ നടപടികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ഓഫീസുകളിൽ വരാതെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from Home) കമ്പനി ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ തുടർച്ചയായി ഉണ്ടാകുന്ന പിരിച്ചുവിടൽ നടപടികൾ ഐടി മേഖലയിലെ ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയ്ക്കും ഭീതിക്കും കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളിലെ മെറ്റാ ഓഫീസുകളിലേക്കും പിരിച്ചുവിടൽ വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.