ന്യൂഡൽഹി: മൊബൈൽ ടവറുകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്നതിനായി പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. സാധാരണ സ്മാർട്ട്ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഉപഗ്രഹങ്ങളെ നേരിട്ട് ആശ്രയിച്ചാണ് സാറ്റലൈറ്റ് ഫോണുകള്‍ പ്രവർത്തിക്കുന്നത്. 1,34,166 രൂപയാണ് (നികുതി ഉൾപ്പെടെ) വില.
സാധാരണ സെല്ലുലാർ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലും എമർജൻസി സാഹചര്യങ്ങളിലും സാറ്റലൈറ്റ് ഫോണുകള്‍ ഏറെ ഉപകാരപ്രദമാണ്. ഇൻമാർസാറ്റ് പോലുള്ള ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് സേവനദാതാക്കളുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നത്. മൊബൈൽ ടവറുകളുടെ സഹായമില്ലാതെ, നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാല്‍ നെറ്റ്‌വർക്ക് ഇല്ലാത്തയിടങ്ങളിലും കണക്ടിവിറ്റി ലഭിക്കും. നെറ്റ്‌വർക്ക് പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും വോയിസ് കോളിങ് സാധ്യമാകുകയും ചെയ്യും. അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര സഹായത്തിനായി എസ്ഒഎസ് സൗകര്യവുമുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ കരുത്തുറ്റ രൂപകൽപ്പനയും നീണ്ട ബാറ്ററി ലൈഫും പ്രത്യേകതയാണ്. പ്രതിരോധ സേനകൾ, ദുരന്തനിവാരണ സേനകൾ, ഖനനം, വിദൂര വ്യാവസായിക കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർ, ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവർ എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും ഈ സാറ്റലൈറ്റ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. ഇവ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുൻപായി ടെലികോം വകുപ്പിൽ (DoT) നിന്ന് കൃത്യമായ അനുമതി വാങ്ങണം. അനുമതിയില്ലാതെ ഇത്തരം ഫോണുകൾ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകും. കൂടുതൽ വിവരങ്ങൾ അറിയാൻ ബിഎസ്എൻഎൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.