Share this Article
News Malayalam 24x7
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി; നേട്ടത്തിനരികെ അനില്‍ മേനോന്‍
Anil Menon

ബഹിരാകാശ ലോകത്ത് പുതിയൊരു ചരിത്രം കുറിക്കാൻ മലയാളി സാന്നിധ്യം സജ്ജമാകുന്നു. നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി ഒരു മലയാളി ബഹിരാകാശത്തേക്ക് കുതിക്കുന്നു. പാലക്കാട് ഒറ്റപ്പാലത്ത് കുടുംബവേരുകളുള്ള ഇന്ത്യൻ വംശജൻ ഡോ. അനിൽ മേനോനാണ് ഈ നേട്ടത്തിനരികെ എത്തിയിരിക്കുന്നത്.

വരുന്ന ജൂലൈ 14 ചൊവ്വാഴ്ച കസാഖിസ്ഥാനിലെ ബൈക്കന്നൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും റഷ്യൻ പേടകമായ സോയൂസ് എംഎസ്-29 (Soyuz MS-29) ലാണ് അനിൽ മേനോൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിക്കുന്നത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ് (Pyotr Dubrov), അന്ന കിക്കിന (Anna Kikina) എന്നിവരാണ് അനിൽ മേനോന്റെ സഹയാത്രികർ. എട്ടുമാസക്കാലം നീണ്ടുനിൽക്കുന്നതാണ് ഈ ദൗത്യം.


അമേരിക്കയിലെ മിനിയാപൊളിസിൽ ജനിച്ചു വളർന്ന അനിൽ മേനോന് ശക്തമായ സൈനിക, ശാസ്ത്ര പശ്ചാത്തലമുണ്ട്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും കൂടാതെ മെഡിസിനിൽ ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്. യുഎസ് സ്പേസ് ഫോഴ്സിൽ കേണൽ പദവിയിലുള്ള അദ്ദേഹം മുൻനിര എമർജൻസി മെഡിസിൻ ഫിസിഷ്യൻ കൂടിയാണ്.


നാസയിൽ എത്തുന്നതിന് മുമ്പ് സ്പേസ് എക്സിന്റെ (SpaceX) ആദ്യത്തെ ഫ്ലൈറ്റ് സർജനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020-ൽ സ്പേസ് എക്സിന്റെ ഡെമോ-2 ദൗത്യത്തിലൂടെ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അനിൽ മേനോൻ. 2021 ഡിസംബറിലാണ് അദ്ദേഹം നാസയുടെ ബഹിരാകാശ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് രണ്ട് വർഷത്തെ കഠിനമായ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ആദ്യത്തെ ബഹിരാകാശ യാത്രയ്ക്കായി തയ്യാറെടുക്കുന്നത്.


അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ മേഖലയിൽ ശ്രദ്ധേയയാണ്. സ്പേസ് എക്സിലെ മുൻ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനീയറായ അവർ 'പൊളാരിസ് ഡോൺ' (Polaris Dawn) ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories