Share this Article
News Malayalam 24x7
ഒരു ചപ്പാത്തി കഥ..... മലയാളികളുടെ ഭക്ഷണ സംസ്‌കാരത്തില്‍ ചപ്പാത്തി വന്നിട്ട് 100 വര്‍ഷം
It has been 100 years since chapati entered the Malayali food culture

മലയാളികളുടെ ഇഷ്ട ഭക്ഷണം എപ്പോഴും ചോറ് തന്നെയാണ്.എന്നാല്‍ ചോറ് പോലെ പ്രിയപ്പെട്ട മറ്റൊരു ഇഷ്ട ഭക്ഷണമാണ് ചപ്പാത്തിയും.  മാറി വന്ന മലയാളികളുടെ ഭക്ഷണ സംസ്‌കാരത്തില്‍ ചപ്പാത്തി വന്നിട്ട് 100 വര്‍ഷം തികയുകയാണ്.

മലയാളികളുടെ ഇഷ്ട ഭക്ഷണമായ ചപ്പാത്തിയുടെ ചരിത്രം പറയുമ്പോള്‍ തൊട്ടുകൂടലിനെയും തീണ്ടലിനെയും കുടഞ്ഞെറിയണമെന്ന് പഠിപ്പിച്ച വൈക്കം സത്യാഗ്രഹത്തെ കുറിച്ചും പറയണം. ചപ്പാത്തിയെന്ന പുത്തന്‍ പലഹാരത്തെ കേരളത്തിന് സമ്മാനിച്ചത് ഈ സത്യാഗ്രഹത്തിലൂടെയാണ്.

അന്ന് സത്യാഗ്രഹികള്‍ക്ക്  പിന്തുണയായി വന്ന സിഖുകാരാണ് ചപ്പാത്തി തയ്യാറാക്കുകയും കേരളീയര്‍ക്ക് നല്‍കുകയും ചെയ്തത്. കഥ നടക്കുന്നത് 1924 ലാണ്. അന്ന് കേരളത്തിലെ ദളിത് വിഭാഗം വലിയ നീതി നിഷേധത്തിലൂടെയാണ് കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്.

1924 ഏപ്രില്‍ 29ന് അമൃത്സറില്‍ നിന്ന് സര്‍ദാര്‍ ലാല് സിംഗിന്റെയും ബാബാ കൃപാല്‍ സിംഗിന്റേയും നേതൃത്വത്തിലുള്ള 12 അകാലികള്‍ വൈക്കത്ത് ധാന്യവുമായി എത്തിയത്. പ്രതിഷേധക്കാരെ സഹായിക്കാനായിരുന്നു ഇത്.

1924 മെയ് 5 മുതല്‍ 7 വരെ അകാലി അടുക്കളയില്‍ പ്രതിഷേധക്കാര്‍ക്കായി ഭക്ഷണമുണ്ടാക്കി. 30,000 പ്രതിഷേധക്കാര്‍ക്കാണ് അകാലികള്‍ രുചികരമായ ചപ്പാത്തിയും സബ്ജിയും വിളമ്പിയത്. അരി ഭക്ഷണം കഴിച്ച് ശീലിച്ച മലയാളികള്‍ അന്ന് ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തി കഴിച്ചു.

അന്ന് മുതല്‍ മറ്റൊരു ദേശത്തെ പ്രതിഷേധത്തിന് വേണ്ടി സ്വയം മറന്ന് കേരളത്തിലെത്തിയ സിഖ് കാരെയും അവര്‍ വിളമ്പിയ പുതു രുചിയും കേരളക്കര ഏറ്റെടുക്കുകയായിരുന്നു.വൈക്കം സത്യാഗ്രഹം അവിടെ അവസാനിച്ചുവെങ്കിലും അകാലികള്‍ വിളമ്പിയ ചപ്പാത്തിയെ കേരളം നെഞ്ചോട് ചേര്‍ത്തു. വര്‍ഷങ്ങള്‍ക്കിപ്പുറവും ചോറ് കഴിഞ്ഞാല്‍ വീടുകളില്‍ ഏറ്റവുമധികം വിളമ്പുന്ന ഭക്ഷണങ്ങളിലൊന്ന് ചപ്പാത്തിയാണ്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article