Share this Article
image
എലിപ്പനിയെ പ്രതിരോധിക്കാം ജാഗ്രതയോടെ

leptospirosis  can be prevented with caution

ഇനി മഴക്കാലമാണ് വരുന്നത്. ജലജന്യരോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധവേണം. ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും പോലെതന്നെ ഏറെ അപകടകാരിയാണ് എലിപ്പനി. അറിയാം രോഗവും പ്രതിരോധ പ്രവര്‍ത്തനങ്ങളും.

വെള്ളക്കെട്ടും, പഴകിയ ഭക്ഷണം കഴിക്കുന്നതും പരിസരശുചിത്വമില്ലാത്തതുമൊക്കെയാണ് പലപ്പോഴും എലിപ്പനിയ്ക്ക് കാരണമാകുന്നത്. ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്.

എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. ഏകദേശം രണ്ടു ദിവസം മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, വിറയല്‍, കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍. കരള്‍, ശ്വാസകോശം, വൃക്കകള്‍, ഹൃദയം, മസ്തിഷ്‌കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്.

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവവും ഉണ്ടാകാം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്നവരും കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍,എന്നിവ ഉപയോഗിക്കുക.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുക, വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക തുടങ്ങിയവ ശ്രദ്ധിക്കുക. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article