സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരുകയാണ്. കേരളത്തിൽ രോഗം ബാധിച്ച് ഇതുവരെ 21 പേർ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. രോഗവ്യാപനത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ അയക്കണമെന്ന് എം.കെ. രാഘവൻ എം.പി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് കണക്കുകൾ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ടെന്ന് എം.കെ. രാഘവൻ എം.പി. ആരോപിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ അമീബിക് മസ്തിഷ്കജ്വര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരെ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങളാൽ മരണപ്പെട്ടതായി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സംസ്ഥാന ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും പുറത്തുനിന്നുള്ള ജലസ്രോതസ്സുകളിൽ നിന്നുമാണ് രോഗം പടരുന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഇപ്പോൾ വീട്ടിലെ വെള്ളത്തിൽ നിന്ന് പോലും രോഗം പടരുന്നുവെന്ന സാഹചര്യമുണ്ടെന്നും എം.കെ. രാഘവൻ എം.പി. പറഞ്ഞു. അടുത്തിടെ ഒരു നാല് മാസം പ്രായമായ കുഞ്ഞ് രോഗം ബാധിച്ച് മരിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ കോഴിക്കോട് ജില്ലയിൽ 11 പേരാണ് അമീബിക് മസ്തിഷ്കജ്വരത്തിന് ചികിത്സയിലുള്ളത്. ഇതിൽ 10 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും (പ്രധാന കെട്ടിടത്തിൽ 6 മുതിർന്നവരും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 4 കുട്ടികളും) ഒരാൾ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലുമാണ്.
സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് രോഗനിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും രോഗബാധിത ജില്ലകളിൽ വേഗത്തിലുള്ള രോഗനിർണയ സൗകര്യങ്ങൾ സ്ഥാപിക്കാനും എം.കെ. രാഘവൻ എം.പി. കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.