Share this Article
News Malayalam 24x7
രാത്രി ഉറക്കമൊഴിഞ്ഞാൽ പ്രശ്നമോ ? നിങ്ങളെ കുറ്റവാളിയാക്കിയേക്കാം
The

രാത്രി വൈകി ഉറക്കം വരാതെ കിടക്കുമ്പോൾ, ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കൂടിക്കൂട്ടുകയും രാവിലെ അതൊന്നും അത്ര കാര്യമാക്കേണ്ടിയിരുന്നില്ലെന്ന് തോന്നുകയും ചെയ്യുന്ന അനുഭവം പലർക്കുമുണ്ടാകാം. ഈ പ്രതിഭാസത്തിന് പിന്നിൽ ഒരു ശാസ്ത്രീയ കാരണമുണ്ടെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. അർദ്ധരാത്രിക്ക് ശേഷം നമ്മുടെ തലച്ചോറ് പ്രവർത്തിക്കുന്ന രീതിക്ക് മാറ്റം സംഭവിക്കുന്നതാണ് ഇതിന് കാരണമെന്നും ഇതിന് 'മൈൻഡ് ആഫ്റ്റർ മിഡ്‌നൈറ്റ് ഇഫക്റ്റ്' (Mind After Midnight Effect) എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.


നമ്മുടെ തലച്ചോറിൽ പ്രധാനമായും രണ്ട് ഭാഗങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്: ഒന്ന്, സന്തോഷവും പ്രതിഫലവും നൽകുന്ന 'റിവാർഡ് സിസ്റ്റം'. മറ്റൊന്ന്, ശരിയും തെറ്റും തിരിച്ചറിയാനും നമ്മളെ നിയന്ത്രിക്കാനും സഹായിക്കുന്ന 'ലോജിക് സിസ്റ്റം'. അർദ്ധരാത്രി കഴിയുമ്പോൾ 'ലോജിക് സിസ്റ്റം' പതിയെ പ്രവർത്തനരഹിതമാകാൻ തുടങ്ങുകയും എന്നാൽ 'റിവാർഡ് സിസ്റ്റം' പൂർണ്ണമായി സജീവമായിരിക്കുകയും ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.


യുക്തിപരമായ ചിന്തകൾ കുറയുകയും വികാരങ്ങൾ നമ്മളെ ഭരിക്കുകയും ചെയ്യുന്ന ഈ അവസ്ഥയിൽ ചെറിയ കാര്യങ്ങൾ പോലും നമ്മളെ വല്ലാതെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്. നെഗറ്റീവ് ചിന്തകൾ കൂടുകയും പെട്ടെന്ന് ദേഷ്യം വന്ന് എടുത്തുചാടി പ്രവർത്തിക്കുകയും ചെയ്തേക്കാം. അപകടകരമായ കാര്യങ്ങൾ പോലും ആകർഷകമായി തോന്നാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. ആത്മഹത്യ, ലഹരി ഉപയോഗം, അക്രമങ്ങൾ എന്നിവ രാത്രി വൈകി കൂടുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ തലച്ചോറിന് കഴിയാത്തതാണ് ഇതിന് പിന്നിൽ.


തലച്ചോറിന് ഒരു ബയോളജിക്കൽ ക്ലോക്കുണ്ട്. ഇത് പകൽ ഉണർന്നിരിക്കാനും രാത്രി ഉറങ്ങാനും വേണ്ടിയുള്ളതാണ്. എന്നാൽ നൈറ്റ് ഷിഫ്റ്റുകൾ, പാതിരാത്രിക്ക് ഫോണിൽ സ്ക്രോൾ ചെയ്യുന്നത് തുടങ്ങിയ ശീലങ്ങൾ ഈ ക്ലോക്കിന്റെ താളം തെറ്റിക്കുന്നു.


ഈ അവസ്ഥയെ മറികടക്കാൻ ശാസ്ത്രജ്ഞർ ലളിതമായ ഒരു പരിഹാരമാണ് നിർദ്ദേശിക്കുന്നത്: അർദ്ധരാത്രിയെ ഒരു 'റെഡ് ലൈൻ' ആയി കാണുക. ആ സമയം കഴിഞ്ഞാൽ വലിയ തീരുമാനങ്ങൾ എടുക്കാതിരിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് തല പുണ്ണാക്കാതിരിക്കുക. ഉറക്കം വരുന്നില്ലെങ്കിൽ പോലും, ഫോൺ മാറ്റിവെച്ച്, ലൈറ്റണച്ച്, കണ്ണടച്ച് കിടന്ന് തലച്ചോറിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. രാത്രി എന്നത് തലച്ചോറിന് വിശ്രമിക്കാനുള്ള സമയമാണെന്നും കൂടുതൽ ചിന്തിച്ചുകൂട്ടി മാനസികാരോഗ്യത്തെ തകർക്കാനുള്ളതല്ലെന്നും ഓർക്കുക. നല്ലൊരു ഉറക്കം നാളത്തെ ദിവസത്തെ മാത്രമല്ല, നമ്മുടെ മാനസികാരോഗ്യത്തെ കൂടിയാണ് സംരക്ഷിക്കുന്നതെന്നും പഠനങ്ങൾ ഓർമ്മിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article