സംസ്ഥാനത്ത് ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നുവെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ്. പകർച്ചവ്യാധികളെ കുറിച്ചുള്ള അവലോകന റിപ്പോർട്ടിലാണ് ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നുവെന്ന് കണ്ടെത്തിയത്. ഹെപ്പറ്റൈറ്റിസ് - എ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നും കണ്ടെത്തൽ.
3.76 ലക്ഷം പേർക്കാണ് ഈ വർഷം വയറിളക്കം റിപ്പോർട്ട് ചെയ്തത്. അതിൽ 9 പേർ മരിച്ചു. ഈ വർഷം ഇതുവരെ 8726 പേർക്ക് ഹെപ്പറ്റൈറ്റിസ് - എ ബാധിക്കുകയും അതിൽ 66 പേർക്ക് മരണം സംഭവിക്കുകയും ചെയ്തു. 244 പേരാണ് ഈ വർഷം എലിപ്പനി ബാധിച്ചു മരിച്ചത്. എലിപ്പനി ബാധിച്ചവരെല്ലാം മലിനജലവുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽപെട്ടവരാണെന്നാണ് കണ്ടെത്തൽ. ഈ വർഷം ആറുപേരാണ് ചിക്കൻപോക്സ് ബാധിച്ചു മരിച്ചത്. 19,353 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്.
ചെല്ലുപനി ബാധിച്ച 591 പേരിൽ 11 പേർക്കും മരണം സംഭവിച്ചിരുന്നു. കൂടുതൽ പേർക്ക് വയറിളക്കം റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രതിരോധം പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനോടൊപ്പം ORS ഉറപ്പാക്കമെന്ന് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ അറിയിച്ചു. മലിനജലത്തിൽ ഇറങ്ങുന്നവർ ഉറപ്പായും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്നും നിർദ്ദേശമുണ്ട്. എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളിലാണ് എലിപ്പനി കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നെന്ന, പകർച്ചവ്യാധി അവലോകന റിപ്പോർട്ടിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു..