നമ്മുടെയെല്ലാം പറമ്പുകളിൽ സുലഭമായി കാണുന്ന പേരയ്ക്കയും നെല്ലിക്കയും ആരോഗ്യഗുണങ്ങളുടെ കലവറയാണ്.ഇവ രണ്ടും സൂപ്പർഫുഡുകൾ എന്ന് തന്നെ പറയാം, കാരണം ഇവയിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ ഏതായിരിക്കും കൂടുതൽ നല്ലത്? നമുക്ക് താരതമ്യം ചെയ്യാം.
പേരയ്ക്കയിൽ വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്.ഓറഞ്ചിനേക്കാൾ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിലുണ്ടെന്ന് പറയപ്പെടുന്നു. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
നെല്ലിക്കയും വിറ്റാമിൻ സി-യുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല.ഒരുപക്ഷെ പേരയ്ക്കയെക്കാൾ കൂടുതൽ വിറ്റാമിൻ സി നെല്ലിക്കയിലുണ്ട്. ഇതിൽ ഇരുമ്പ്, കാൽസ്യം, ടാന്നിനുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ വിഷാംശം നീക്കാനും ഇവ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ അളവിൽ നെല്ലിക്ക അല്പം മുന്നിലാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ രണ്ടും ഒരുപോലെ സഹായിക്കും പേരയ്ക്കയിലെ വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടാനും കോശങ്ങളെ സംരക്ഷിക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു.
ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും, പേരയ്ക്കയിലെ ഉയർന്ന നാരുകൾ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.എന്നാൽ നെല്ലിക്ക ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾ അകറ്റാനും പേരുകേട്ടതാണ്.ആയുർവേദത്തിൽ ദഹന പ്രശ്നങ്ങൾക്ക് നെല്ലിക്ക ഒരു പ്രധാന ഔഷധമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്കയും നെല്ലിക്കയും ഒരുപോലെ നല്ലതാണ്.പേരയ്ക്കയുടെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും നാരുകളും പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നു.നെല്ലിക്ക ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും.ഹൃദയാരോഗ്യത്തിനും ഇവ രണ്ടും മികച്ചതാണ്, കൊളസ്ട്രോൾ കുറയ്ക്കാനും ഇവ സഹായിക്കും. അപ്പോൾ ആരാണ് കേമൻ? സത്യത്തിൽ, പേരയ്ക്കയും നെല്ലിക്കയും ആരോഗ്യഗുണങ്ങളിൽ ഒന്നിനൊന്ന് മെച്ചമാണ്.
പേരയ്ക്ക നാരുകളാലും പൊട്ടാസ്യത്താലും സമ്പന്നമാണെങ്കിൽ, നെല്ലിക്ക വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയിൽ അല്പം മുന്നിട്ടു നിൽക്കുന്നു.ദഹനപ്രശ്നങ്ങൾക്ക് നെല്ലിക്ക കൂടുതൽ ഫലപ്രദമായേക്കാം.നിങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് ഇവ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.